നിരീക്ഷണത്തിൽ കഴിയുന്നവർ കുഴഞ്ഞുവീണു മരിക്കുന്നതിനു കാരണം കണ്ടെത്തി

single-img
27 July 2020

കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന വൈറസ് ബാധിതര്‍ കുഴഞ്ഞുവീണു മരിക്കുന്നതിന് കാരണം കണ്ടെത്തി ശാസ്ത്രലോകം. രക്തത്തില്‍ ഓക്‌സിജന്റെ കുറവ് മൂലം സംഭവിക്കുന്ന സൈലന്റ് ഹൈപോക്‌സിയയാണ് ഇത്തരത്തിലുള്ള മരണകാരണമെന്നാണ് കോവിഡ് വിദഗ്ധ സമിതി വ്യക്തമാക്കുന്നത്. 

സാധാരണ നിലയില്‍ ഓക്‌സിജന്‍ കുറഞ്ഞാല്‍ ശ്വാസതടസ്സം അനുഭവപ്പെടുകയാണ് പതിവ്. എന്നാല്‍ വൈറസ് ബാധിച്ചവരുടെ ശ്വാസകോശത്തിലെ രക്തം കട്ടപിടിക്കുന്നതിനാല്‍ ശ്വാസതടസ്സം സംഭവിക്കുന്നതു തിരിച്ചറിയാനാവില്ലെന്നുള്ളതാണ് പ്രത്യേകത. അതു മൂലം രോഗി കുഴിഞ്ഞുവീഴുകയും അടിയന്തിര ചികിത്സ ലഭിക്കാത്ത പക്ഷം മരണപ്പെടുകയും ചെയ്യുന്നു. 

വിശദമായ പഠനങ്ങൾക്കൊടുവിലാണ് ഇത്തരത്തിലുള്ള മരണങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. നിരവധി പഠനങ്ങൾ നടത്തിയാണ് സൈലൻ്റ് ഹൈപോക്‌സിയ കണ്ടെത്തിയതെന്ന് കോവിഡ് വിദഗ്ധസമിതി ചെയര്‍മാന്‍ ഡോ ബി ഇക്ബാല്‍ ഉന്നതതല യോഗത്തില്‍ വിശദീകരിച്ചു. ഓക്‌സിജന്‍ കുറയുന്നതിലൂടെ രോഗി മെല്ലെ മരിക്കുന്ന അവസ്ഥ ഉടലെടുക്കുകയാണ് ചെയ്യുന്നത്. ഇതര രോഗങ്ങള്‍ ഉള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണു സൈലന്റ് ഹൈപോക്‌സിയയ്ക്കു സാധ്യതയെന്നും വിദഗ്ദ സമതി വ്യക്തമാക്കി. 

കോവിഡ് വിദഗ്ദ ദമിതിയുടെ നിർദ്ദേശപ്രകാരം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഓക്‌സിജന്റെ അളവ് വീടുകളില്‍ എത്തി പരിശോധിക്കുന്ന സംവിധാനം ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ഓക്‌സിജന്റെ അളവ് പരിശോധിക്കാനായി പോര്‍ട്ടബിള്‍ പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങും. 95-100 ആയിരിക്കണം ഓക്‌സിജന്‍ നില. ഇതില്‍ താഴെയായാല്‍ രോഗിയെ ആശുപത്രിയിലേക്കു മാറ്റണം.ശരാശരി 1500 രൂപയാണ് ഓക്‌സിമീറ്ററിന്റെ വില. ഇത് ആശ വര്‍ക്കര്‍മാരെ ഏല്‍പിച്ചു നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിശോധിക്കുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. .