സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎം – ബിജെപി ധാരണ; മുല്ലപ്പള്ളിയുടെ ആരോപണത്തിന് ‘നിശബ്ദ’ പ്രതികരണവുമായി മുഖ്യമന്ത്രി

single-img
27 July 2020

കേരളത്തില്‍ തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും ധാരണയുണ്ടായിക്കിയിട്ടുണ്ടെന്ന കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് ‘നിശബ്ദത’യിലൂടെ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്ന് വൈകുന്നേരം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മുല്ലപ്പള്ളിയുടെ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തക ഉയര്‍ത്തിയ ചോദ്യത്തിന് ‘മറുപടി പറയാതിരിക്കുക’ യായിരുന്നു മുഖ്യമന്ത്രി. ഇതിനെ തുടര്‍ന്ന് ‘സിഎം ചോദ്യം കേട്ടില്ലേ’ എന്ന് മാധ്യമപ്രവര്‍ത്തക ചോദിച്ചപ്പോള്‍,താന്‍ കേട്ടു എന്നും മറുപടി അര്‍ഹിക്കാത്തതു കൊണ്ട് മിണ്ടാതിരിക്കുന്നതാണ്- എന്നും അദ്ദേഹം മറുപടി നനല്‍കുകയായിരുന്നു.

സംസ്ഥാനത്ത് നടന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടാക്കിയെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആരോപണം. നിലവില്‍ എന്‍ഐഎ അന്വേഷണം എത്തിനില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും, മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്കാണ് സംശയത്തിന്റെ വിരല്‍ നീളുന്നതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.