കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ വികാസ് ദുബെയ്ക്ക് ബിജെപി നേതാവുമായി ബന്ധം; വാട്‌സ്ആപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്

single-img
26 July 2020

യുപിയില്‍ പോലീസ് കൊലപ്പെടുത്തിയ ഗുണ്ടാത്തലവന്‍ വികാസ് ദുബെയും ബിജെപി നേതാവും തമ്മില്‍ അടുത്ത ബന്ധം. വെടിവെപ്പില്‍ എട്ട് പോലീസുകാരെ കൊന്ന ശേഷം ഒളിവില്‍ കഴിയവെ ദുബെ ബിജെ പി നേതാവുമായി ബന്ധപ്പെട്ടു എന്നാണ് വ്യക്തമാകുന്നത്.

സംസ്ഥാനത്തെ ബിജെപി സുബോദ് തിവാരിയും വികാസ് ദുബെയും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റിന്‍റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്. തനിക്ക് 20 ലക്ഷം രൂപയും വസ്ത്രങ്ങളും ഷൂസും പോലീസില്‍ കീഴടങ്ങാനുള്ള സഹായവുമാണ് വികാസ് ദുബെ ഈ നേതാവിനോട് ആവശ്യപ്പെടുന്നത്.

ഈ സഹായത്തിന് പകരം അദ്ദേഹത്തിന് 48 മണിക്കൂറിനകം തുക ഇരട്ടിയായി തിരിച്ചുനല്‍കാമെന്നും കാണ്‍പൂരില്‍ ഭൂമി നല്‍കാമെന്നും മറ്റ് എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കാമെന്നും വികാസ് ദുബെ വാഗ്ദാനം ചെയ്യുന്നുണ്ട്. പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റ് തന്റേത് തന്നെയാണെന്ന് ബിജെപി നേതാവ് സ്ഥിരീകരിച്ചു. എന്നാല്‍ താന്‍ തന്നെ ഈ ചാറ്റ് സന്ദേശം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് നല്‍കിയിരുന്നതായി അദ്ദേഹം അവകാശപ്പെട്ടു.

ഇപ്പോള്‍ എവിടെ നിന്നാണ് ചാറ്റ് സന്ദേശം പുറത്ത് പോയതെന്ന് തനിക്ക് അറിയില്ലെന്നും ബിജെപി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ ആദ്യമായിരുന്നു വികാസ് ദുബെ ഒരു ഡിഎസ്പി ഉള്‍പ്പെടെ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ ഒരാഴ്ചയ്ക്ക് ശേഷം പിടിയിലായി. മധ്യപ്രദേശില്‍ നിന്ന് പോലീസ് പിടിയിലായ വികാസ് ദുബെയെ യുപിയിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ പത്താം തീയതി പോലീസ് വെടിവച്ച് കൊല്ലുകയായിരുന്നു.