വിവാഹ വാഗ്ദാനം നൽകി പീഡനം; ടിക് ടോക് താരവും മിസ്റ്റർ കൊല്ലവുമായ യുവാവ് അറസ്റ്റിൽ

single-img
26 July 2020

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കുറ്റിവട്ടം മീനത്തേതിൽ ഷാ മൻസിലിൽ ഷാനവാസ് (29) ആണ് പിടിയിലായത്. മലപ്പുറം പൊന്നാനി പരിചകം സ്വദേശിനിയായ 23 വയസുകാരിയാണ് താരത്തിനെതിരെ പരാതി നൽകിയത്.

ടിക് ടോക്ക് വീഡിയോകളിലൂടെ സുപരിചിതനായ ഷാനവാസ് മിസ്റ്റർ കൊല്ലം പട്ടം നേടിയ ആളാണ്. നവമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകള്‍ വഴിയാണ് ഷാനവാസ് യുവതികളുമായി സൗഹൃദമുണ്ടാക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതി കളമശേരി പൊലീസിനും കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ജി പൂങ്കുഴലിക്കും നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇന്നലെ രാത്രിയോടെയാണ് ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണവും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്.

കൊച്ചിയിലെ ഷോപ്പിങ് മാളിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിൽ അടുപ്പത്തിലായ പെൺകുട്ടിയെ നഗരത്തിലെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പരാ‌തിലുള്ളതായി പൊലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു മലപ്പുറത്തു നിന്നു കൊച്ചിയിലേക്കു കൊണ്ടുവന്നത്.

പരാതി ലഭിച്ചതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മറ്റൊരു കേസിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവാഹിതനായ ഷാനവാസ് പത്തനംതിട്ട സ്വദേശിയായ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദിച്ചതിന് പത്തനംതിട്ട പോലീസിലും പരാതി ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ തൊടുപുഴ, കരുനാഗപ്പള്ളി സ്റ്റേഷനുകളിലും കേസുകളുണ്ട്.

എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ആലുവയിലെ കൊവിഡ്‌ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376,420,506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.