സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി: ആകെ മരണം 63 ആയി

single-img
26 July 2020

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മരിച്ച മൂന്നുപേരും 70 വയസുകഴിഞ്ഞവരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 63 ആയി.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ്, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, കാസര്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍   എന്നിവരാണ് മരിച്ചത്. ആന്‍റിജന്‍ പരിശോധനയിലാണ് അബ്ദുള്‍ റഹ്മാന്  രോഗം സ്ഥിരീകരിച്ചത്. 

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 1103 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 35 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമാകുന്നതായും റിപ്പോർട്ടുകളുണ്ട്. കോഴിക്കോട് തിരുവള്ളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ രണ്ട് നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റിന് കോവിഡ് ബാധിച്ചു. ഇതോടെ ആശുപത്രിയിലെ രണ്ടുഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 30പേര്‍ ക്വാറന്‍റീനിലായി. വടകര ജനറല്‍ ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിയും കോവിഡ് ബാധിതനായി. ആശുപത്രിയിലെ 20 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.