താനും അയോധ്യയിലെ ഭൂമി പുജയിൽ പങ്കെടുക്കും: ഉദ്ദവ് താക്കറെ

single-img
26 July 2020

രാമക്ഷേത്രനിര്‍മ്മാണത്തിന് മുന്നോടിയായി ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ നടക്കുന്ന ഭൂമി പുജയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. താന്‍ അയോധ്യയില്‍ പോകുമെന്നും പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ശിവസേന മുഖപത്രമായ സാമ്‌നയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യയില്‍ നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 200 പേര്‍ക്കു മാത്രമാണ്  പ്രവേശനം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചായിരിക്കും ചടങ്ങു നടത്തുകയെന്നും ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. 

ഉച്ചയ്ക്ക് 12.15 നുള്ള മുഹൂര്‍ത്തിലാണു ഭൂമിപൂജയും ശിലാസ്ഥാപനവും. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുക്കും. ഭൂമിപൂജ നേരത്തേ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയും ഇന്ത്യ–ചൈന സംഘര്‍ഷവും മൂലം ചടങ്ങ് നീട്ടിവയ്ക്കുകയായിരുന്നുവെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ ദിവസം സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിച്ചിരുന്നു. ക്ഷേത്രനിര്‍മാണ സ്ഥലത്തു നടന്ന പ്രത്യേക പ്രതിഷ്ഠാ പൂജകളില്‍ പങ്കെടുത്ത അദ്ദേഹം പിന്നീട് സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തിലും പ്രാര്‍ഥന നടത്തി.