കാമുകനുമൊത്ത് തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി 19-കാരി; പ്രണയം അംഗീകരിക്കാത്ത മാതാപിതാക്കളോട് ആവശ്യപ്പെട്ടത് ഒരു കോടി രൂപ

single-img
26 July 2020

തങ്ങളുടെ പ്രണയ ബന്ധം അംഗീകരിക്കാത്ത വീട്ടുകാരുടെ മുൻപിൽ കാമുകനുമായി ചേർന്ന് തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി 19-കാരി. പെണ്‍കുട്ടി മോചനദ്രവ്യമായി മാതാപിതാക്കളോട് ആവശ്യപ്പെട്ടത് ഒരു കോടി രൂപയാണ്.

തങ്ങളുടെ വീട്ടുകാർ പ്രണയബന്ധം അം​ഗീകരിക്കാതിരുന്നതിനാൽ നാടുവിടാൻ ഇരുവരും പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ ഒടുവിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത് വീടിന് ഇരുന്നൂറ് മീറ്റർ മാറിയുള്ള ഫാംഹൗസിൽ നിന്നായിരുന്നു. യുപിയിലെ ഏട്ടാ ജില്ലയിലെ നാഗ്ലഭാജ്ന എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.

കഴിഞ്ഞ വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. തൊട്ടുപിറകെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫോൺ സന്ദേശം എത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രദേശത്തെ ഗുണ്ടാസംഘങ്ങളാകും സംഭവത്തിന് പിന്നിലെന്ന് ആദ്യം കരുതിയെങ്കിലും പോലീസ് സംഘം പെൺകുട്ടിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകല്‍ ഒരു നാടകമായിരുന്നുവെന്ന് തെളിയുകയായിരുന്നു. പോലീസിനെ കണ്ടപ്പോള്‍ പെണ്‍കുട്ടിയുടെ കാമുകൻ ഓടിരക്ഷപ്പെട്ടു. തുടർന്ന് പോലീസ് പെൺകുട്ടിയെ ചോദ്യംചെയ്തതോടെയാണ് കാര്യങ്ങൾ വ്യക്തമായത്.

അയല്‍ വീട്ടില്‍ താമസിക്കുന്ന യുവാവുമായി പെൺകുട്ടി രണ്ടുവർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. എന്നാല്‍ തന്റെ മാതാപിതാക്കൾ ബന്ധം സമ്മതിക്കാതിരുന്നതോടെയാണ് കാമുകനൊപ്പം നാടുവിടാൻ ആലോചിച്ചത്.പെൺകുട്ടി തന്നെയായിരുന്നു ശബ്ദം മാറ്റി മാതാപിതാക്കളോട് ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതും എന്ന് വ്യക്തമായി.