സൂരജിനെതിരെ സുഹൃത്തുക്കൾ രഹസ്യമൊഴി നൽകി: ഇത്ര കൊലക്കേസിൽ സൂരജിൻ്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും

single-img
25 July 2020

കൊല്ലത്ത് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെ സുഹൃത്തുക്കൾ രഹസ്യ മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ സൂരജിൻ്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ജയിലുള്ള സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വനം വകുപ്പും തീരുമാനമെടുത്തിട്ടുണ്ട്. 

ഒന്നിച്ചു ജീവിക്കാന്‍ താല്‍പര്യമില്ലെന്നും എങ്ങനെയെങ്കിലും ഉത്രയെ ഒഴിവാക്കാണമെന്നും പലതവണ സൂരജ് പറഞ്ഞിരുന്നുവെന്ന് ഒരു സുഹൃത്ത് മൊഴി നൽകിയതായാണ് സൂചനകൾ.  കേസിലെ രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായി സുരേഷും, സൂരജിൻ്റെ അടുത്ത സുഹൃത്തുക്കളും ഉള്‍പ്പടെ അഞ്ചുപേരാണ് മൊഴി നൽകിയത്.  സിആര്‍പിസി 164 – പ്രകാരം മജിസ്‌ട്രേട്ടിനു മുന്നിലാണ് മൊഴി രേഖപ്പെടുത്തിയത്. . 

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കൊലപാതകമായതിനാല്‍ ഇവയെല്ലാം പ്രോസിക്യൂഷന് സഹായകരമാകുമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതേസമയം നിലവിൽ സൂരജിന്റെ അമ്മയേയും സഹോദരിയേയും വധക്കേസില്‍ പ്രതിചേര്‍ക്കില്ല. സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ള സ്ത്രീധനപീധനവും ഗാര്‍ഹിക പീഡനുവുമാകും ഇരുവര്‍ക്കുമെതിരെ ചുമത്തുക. 

മാപ്പ്സാക്ഷിയാക്കണമെന്നുള്ള സുരേഷിന്റെ അപേക്ഷ തിങ്കളാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് എസ്പി ഹരിശങ്കര്‍ പറഞ്ഞു. വിവിധ ലാബുകളില്‍ നിന്നുള്ള രാസ,ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നും എസ്പി പറഞ്ഞു.