ക്വാറന്റൈനിൽ കഴിയുന്നവരുടെ വീട്ടിൽ ഒന്നര വയസുള്ള കുഞ്ഞിനെ പാമ്പ് കടിച്ചു; സഹായിക്കാന്‍ ആളുകൾ മടിച്ചപ്പോള്‍ ധൈര്യത്തോടെ ചെന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറി

single-img
25 July 2020

കാസർകോട് ജില്ലയിലെ പാണത്തൂർ വട്ടക്കയത്തുള്ള കോവിഡ് ക്വാറന്റൈനിൽ കഴിയുന്നവരുടെ വീട്ടിൽ നിന്നും രക്ഷിക്കണേയെന്ന് പറഞ്ഞ് നിലവിളി ഉയർന്നത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. തങ്ങളുടെ ഒന്നര വയസുള്ള കുഞ്ഞിനെ പാമ്പ് കടിച്ചതിനെ തുടർന്ന് സഹായത്തിനായി അയൽക്കാരെ വിളിക്കാൻ ശ്രമിച്ച ദമ്പതികളുടെ വീട്ടിലേക്ക് ചെല്ലാൻ പലരും മടിച്ചു. കാരണം, കോവിഡ് ക്വാറന്റൈൻ തന്നെ.

എന്നാൽ ആ വീട്ടിലേക്ക് ചെല്ലാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ജിനിൽ മാത്യുവിന് മനുഷ്യത്വത്തിന്റെ മുന്നിൽ ഒന്നും തടസ്സമായില്ല. വീട്ടിലേക്ക് ധൈര്യത്തോടെ ചെന്ന ജിനിൽ മാത്യു പാമ്പു കടിയേറ്റ് കിടക്കുന്ന കുഞ്ഞിനെ വാരിയെടുത്ത് ആംബുലൻസ് വിളിച്ച് വരുത്തി പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു.

ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് ഡോക്ടർമാർ പരിശോധനയ്ക്ക് ശേഷം വിഷം ഇറങ്ങാനുള്ള മരുന്നു നൽകുകയും വൈകാതെതന്നെ അപകടനില തരണം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടി പിറ്റേ ദിവസം സാധാരണ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. ശക്തമായ വിഷമുള്ള അണലി വിഭാഗത്തിൽപ്പെട്ട പാമ്പാണ് കുഞ്ഞിനെ കടിച്ചത്. പിന്നീട് നടത്തിയ കോവിഡ് പരിശോധനയിൽ കുഞ്ഞിന് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും തുടർന്ന് ജിനിലും സ്വമേധയാ ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു.
സിഐടിയുവിന്റെ ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പാണത്തൂർ യൂണിറ്റ് കൺവീനർ കൂടിയാണ് ജിനിൽ മാത്യു.