ലോക്ക് ഡൌണ്‍ സമയത്തെ ശ്രമിക് ട്രെയിൻ സർവീസ്: 2142 കോടി ചെലവാക്കിയ റെയില്‍വേയ്ക്ക് ലഭിച്ച വരുമാനം 429 കോടി

single-img
25 July 2020

രാജ്യവ്യാപകമായ കൊവിഡ് ലോക്ക്ഡൗൺ സമയം റെയിൽവേ ഇതര സംസ്ഥാന തൊഴിലാളികളെ തിരികെ നാട്ടില്‍ എത്തിക്കാന്‍ ആരംഭിച്ച ശ്രമിക് ട്രെയിനിന് വേണ്ടി 2142 കോടി ചെലവാക്കിയപ്പോള്‍ തിരികെ കിട്ടിയ വരുമാനം 429 കോടി രൂപ മാത്രം. പിടിഐ പുറത്തുവിട്ട കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പണം നൽകിയത് ഗുജറാത്ത് സർക്കാരാണ്, 102 കോടി. സംസ്ഥാനത്തേക്ക് 15 ലക്ഷം തൊഴിലാളികളെയാണ് മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് 1027 ട്രെയിനുകളിലായി വീടുകളിലെത്തിച്ചത്.

രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര 85 കോടിയാണ് നൽകിയത്. ഇവിടെ സംസ്ഥാനത്തേക്ക് 12 ലക്ഷം തൊഴിലാളികളെ 844 ട്രെയിനുകളിലായി റെയില്‍വേ തിരിച്ചെത്തിച്ചു. മൂന്നാമതുള്ള തമിഴ്‌നാട് 34 കോടി നൽകി 271 ട്രെയിനുകളിലായി നാല് ലക്ഷം തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുടെ മാതൃ സംസ്ഥാനം എന്ന് കരുതപ്പെടുന്ന യുപി, ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ യഥാക്രമം 21 കോടി, എട്ട് കോടി, 64 ലക്ഷം എന്നിങ്ങനെയാണ് ശ്രമിക് ട്രെയിനുകളുടെ ചെലവായി റെയിൽവേക്ക് കൊടുത്തത്.

പ്രധാനമന്ത്രി പ്രഖ്യാപിച്ച രാജ്യ വ്യാപക ലോക്ക്ഡൗൺ തുടങ്ങിയ ശേഷം ജൂൺ 29 വരെ 4615 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തി. ഇതിലൂടെ ആകെ 63 ലക്ഷം തൊഴിലാളികളെ തങ്ങളുടെ മാതൃ സംസ്ഥാനത്തേക്ക് തിരിച്ചെത്തിച്ചു. ഈ സമയം ഒരു യാത്രക്കാരന് 3400 രൂപയാണ് റെയിൽവെക്ക് ഉണ്ടായ ശരാശരി ചെലവ്.