രഹ്നാ ഫാത്തിമയെ മനുസ്മൃതിയും ഖുർആനും ഓർമ്മിപ്പിച്ച് കോടതി: കുട്ടികൾ പഠിക്കുന്നത് അമ്മയെ കണ്ടാണെന്ന് വിശദീകരണം

single-img
25 July 2020

തൻ്റെ ന​ഗ്ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയത് വാർത്തയായിരുന്നു. ഓരോ കുട്ടികളുടെ ജീവിതത്തിലും അമ്മയ്ക്കുള്ള സ്ഥാനം ഓർമ്മിപ്പിച്ചുകൊണ്ടാണ് കോടതി നടപടി.   ലൈം​ഗിക വിദ്യാഭ്യാസം പകർന്നു നൽകാനാണ് വിഡിയോ അപ്ലോഡ് ചെയ്തത് എന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം കോടി തള്ളി. 

അമ്മയ്ക്ക് പകരമാവാൻ മറ്റൊന്നില്ലെന്നും അമ്മയിൽ നിന്ന് കിട്ടുന്ന പാഠങ്ങളാണ് കുട്ടികളുടെ ജീവിതത്തിൽ അടിത്തറ പാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മാതൃത്വത്തിന് മഹനീയ സ്ഥാനമാണ് സമൂഹം കൽപ്പിച്ച് നൽകിയിരിക്കുന്നത്. കുട്ടിക്ക് ലോകത്തിലേക്കുള്ള ജാലകം അവന്റെ അമ്മയാണ്. കുട്ടികളുടെ ജീവിതവും ധാർമിക വീക്ഷണവും രൂപപ്പെടുത്തുന്നതിൽ അമ്മയ്ക്ക് വലിയ പങ്കുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതിനായി മനു സ്മൃതിയും ഖുർആനും കോടതി ഉദ്ധരിച്ചു.

അമ്മയിൽ നിന്നാണ് കുട്ടികൾക്ക് ജീവിതത്തോടുള്ള വീക്ഷണവും മനോഭാവവും ലക്ഷ്യബോധവുമൊക്കെ പകർന്നു കിട്ടുന്നത്. പ്രായപൂർത്തിയാകുമ്പോൾ എല്ലാവർക്കും സ്വന്തം നിലപാടുകളുണ്ടാവും. എന്നാൽ അമ്മയിൽ നിന്ന് കിട്ടുന്ന പാഠങ്ങളാണ് അടിത്തറയെന്നും കോടതി ഓർമ്മിപ്പിച്ചു. 

 ജീവിതത്തിലെ പ്രതിസന്ധികളെ നനേരിടാനുള്ള വൈകാരിക പിന്തുണ നൽകുന്നതും അമ്മയാണ്. ജീവിതത്തിലെ ധാർമിക മൂല്യങ്ങൾ പകർന്നു നൽകുന്നതും മാന്യതയ്ക്ക് വിലകൽപ്പിക്കണമെന്നും പഠിപ്പിക്കുന്നത് മാതാപിതാക്കളാണ്. കുട്ടികൾക്ക് പകർത്താനാകുംവിധം സ്വന്തം ജീവിതത്തിൽ ധാർമിക മൂല്യങ്ങൾ പിന്തുടരാൻ ശ്രമം വേണമെന്നും കോടതി ഓർമ്മിപ്പിച്ചു.