കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപതികള്‍; നിരക്കും മാര്‍ഗനിര്‍ദ്ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി

single-img
25 July 2020

കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്കുള്ള ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിലുള്ള എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സയ്ക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലേയും കോവിഡ് ചികിത്സാ നിരക്കുകളാണ് നിശ്ചയിച്ചത് എന്ന്ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേപോലെ തന്നെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ട്രയാജ് സംവിധാനവും ആവശ്യാനുസരണം അര്‍ഹരായവര്‍ക്ക് സ്രവം ശേഖരരിക്കാനുള്ള പരിശോധനാ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രിഅറിയിച്ചു.

ചികത്സയ്ക്കുള്ള പ്രോട്ടോക്കോള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ആരോഗ്യ വകുപ്പിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കോവിഡ് ചികിത്സാ ചെലവ് പൂര്‍ണമായും സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും പദ്ധതിയില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ സംവിധാനം റഫര്‍ ചെയ്യുന്ന കോവിഡ് രോഗികളുടെ ചികിത്സാ ചലവ് കേരള സര്‍ക്കാരും വഹിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.