മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ്

single-img
25 July 2020

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു. തനിക്കു കോവിഡ് ലക്ഷണങ്ങള്‍ കണ്ടെന്നും പരിശോധനയില്‍ പോസിറ്റിവ് ആയെന്നും ചൗഹാന്‍ ട്വീറ്റില്‍ പറഞ്ഞു. താനുമായി സമ്പര്‍ക്കത്തിലായ എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നും ട്വീറ്റില്‍ പറയുന്നു. 

അടുത്ത ബന്ധം പുലര്‍ത്തിയ എല്ലാവരോടും ക്വാറന്റീനില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ സംസ്ഥാന സഹകരണ മന്ത്രി അരവിന്ദ് സിങ് ഭദോരിയയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കും മുമ്പ് ഇദ്ദേഹം കാബിനറ്റ് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. 

വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ച മന്ത്രിയെ ആശുപത്രിയില്‍ ആക്കിയത്. ചൊവ്വാഴ്ച, അന്തരിച്ച ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്റെ സംസ്‌കാര ചടങ്ങിലും അരവിന്ദ് സിങ് ഭദോരിയ പങ്കെടുത്തിരുന്നു.