കാസര്‍കോട് വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കൊവിഡ്; ചടങ്ങ് സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേസെടുക്കും

single-img
25 July 2020

കാസർകോട് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 17 ന് പീലാംകട്ടയിൽ നടന്ന വിവാഹ ചടങ്ങിലെ വരനും വധുവും ഉള്‍പ്പെടെയുള്ളവര്‍ക്കാന് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ചെർക്കള സ്കൂളിൽ നടന്ന ആന്റിജൻ പരിശോധനാ ക്യാമ്പിലാണ് ഇവര്‍ക്ക് കൊവിഡ് രോഗം കണ്ടെത്തിയത്.പ്രസ്തുത വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു.

അതേസമയം കൊവിഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം രണ്ടു വർഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാൻ ജില്ലാ കളക്ടർ പോലീസിന് നിർദ്ദേശം നൽകി.

ഇതിനെ തുടര്‍ന്ന്‍ ഇന്നു തന്നെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇപ്രകാരം ജനങ്ങൾ കൂടുതൽ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പൂർണമായി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.