വെള്ളാപ്പള്ളിയെ പ്രോസിക്യുട്ട് ചെയ്യണം: അഴിമതി കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

single-img
24 July 2020

അഴിമതി കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. വെളളാപ്പളളിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എസ്എന്‍ കോളജ് സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ച 1.16 കോടി രൂപയില്‍ 55 ലക്ഷം രൂപ വെളളാപ്പളളി നടേശന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസിലാണ് കുറ്റപത്രം. 

യൂണിയന്‍ മുന്‍ ജില്ലാ ഭാരവാഹി പി സുരേന്ദ്രബാബു നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 2004ല്‍ ആണ് കൊല്ലം മജിസ്‌ട്രേറ്റ് കോടതി കേസ് എടുക്കാന്‍ ഉത്തരവിട്ടത്. വിശ്വാസവഞ്ചന അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്ന് പരാമര്‍ശിക്കുന്ന വെള്ളാപ്പള്ളി നടേശനെതിരെയുളള കുറ്റപത്രമാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

ഇന്നലെ വൈകിട്ടാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ  തച്ചങ്കരിക്ക് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം കോടതിയിലേക്ക് സമര്‍പ്പിക്കാനുള്ള അനുമതി അദ്ദേഹം നല്‍കുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഈ കേസില്‍ തന്റെ വാദം കേട്ടില്ല എന്ന് വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍ അറിയിക്കുകയും അതിനുശേഷം ഹൈക്കോടതി വെള്ളാപ്പള്ളി നടേശന്റെ വാദം കൂടി കേള്‍ക്കാനുള്ള നിര്‍ദ്ദേശം ക്രൈംബ്രാഞ്ചിന് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.