അയോധ്യയിൽ തറക്കല്ലിടല്‍ ചടങ്ങില്‍ രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നത് ശരിയായില്ല; പരിഹാസവുമായി യശ്വന്ത് സിന്‍ഹ

single-img
24 July 2020

അയോധ്യയില്‍ ആഗസ്റ്റ് മാസം നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജക്ക് മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാത്തത് മോശമായി എന്ന പരിഹാസവുമായി മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. അദ്ദേഹമായിരുന്നു ചടങ്ങിലെ മുഖ്യാതിഥിയാകേണ്ടിയിരുന്നതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

‘അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങില്‍ രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നത് ശരിയായില്ല. ആഗസ്റ്റ് മാസം 5 ലെ ചടങ്ങിന് അദ്ദേഹമായിരുന്നു മുഖ്യാതിഥിയാകേണ്ടിയിരുന്നത്’, യശ്വന്ത് സിന്‍ഹ സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തു.തര്‍ക്കത്തില്‍ ഉണ്ടായിരുന്ന അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായി സുപ്രിം കോടതി വിധി വന്നപ്പോള്‍ രഞ്ജന്‍ ഗൊഗോയിയായിരുന്നു ചീഫ് ജസ്റ്റിസ്.

പലപ്പോഴും കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായ കേസുകളില്‍ സര്‍ക്കാരിന് അനുകൂലമായ ഇടപെടലുകള്‍ നടത്തിയെന്ന ആരോപണവും ഗൊഗോയിയുടെ മേല്‍ പതിഞ്ഞിരുന്നു. അതേപോലെ തന്നെ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ശേഷം രാജ്യസഭയിലേക്ക് പ്രസിഡന്‍റിന്‍റെ നോമിനിയായി ഗൊഗോയ് എത്തിയപ്പോള്‍ രൂക്ഷമായി വിമര്‍ശനമുന്നയിച്ചവരില്‍ പ്രധാനിയായിരുന്നു സിന്‍ഹ.