മുഖ്യമന്ത്രിയും ശിവശങ്കറും ചേർന്ന് സ്മാര്‍ട്ട് സിറ്റിയുടെ ഭൂമി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചു: കെ സുരേന്ദ്രൻ

single-img
24 July 2020

സ്മാര്‍ട്ട് സിറ്റിയുടെ ഭൂമി മറിച്ചുവില്‍ക്കാന്‍ മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറും ചേര്‍ന്ന് നീക്കം നടത്തിയെന്ന ആരമാപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്മാര്‍ട്ട് സിറ്റിക്ക് പാട്ടത്തിന് നല്‍കിയ കൊച്ചി കാക്കനാട്ടെ കണ്ണായ ഭൂമിയാണ് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചത്.  മുഖ്യമന്ത്രിയും ശിവശങ്കറും അടങ്ങുന്ന കമ്മിറ്റിയുടേതായിരുന്നു ഈ തീരുമാനം. വില നിശ്ചയിക്കാന്‍ ഏല്‍പിച്ചിരിക്കുന്നത് കെപിഎംജിയെയാണ്. ടെന്‍ഡര്‍ പോലുമില്ലാതെയാണ് ഭൂമി മുഖ്യമന്ത്രിക്ക് താത്പര്യമുള്ള സ്വകാര്യ കമ്പനിക്ക് മറിച്ചുവില്‍ക്കാന്‍ തീരുമാനിച്ചതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. 

ഒരു രൂപയ്ക്ക് പാട്ടത്തിന് നല്‍കിയ 250 ഏക്കറിലധികം ഭൂമിയില്‍ 30 ഏക്കര്‍ ഭൂമി വില്‍ക്കാനുള്ള ശ്രമം നടന്നത്. 90,000 ആളുകള്‍ക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഭൂമി സ്മാര്‍ട്ട് സിറ്റിക്ക് കൈമാറുന്നത്. എന്നാല്‍ പത്യക്ഷമായും പരോക്ഷമായും 4000 ആളുകള്‍ മാത്രമാണ് ജോലിചെയ്യുന്നത്. മാര്‍ച്ച് 22, 23 തീയതികളില്‍ കൊച്ചി ലേ മെറിഡിയനില്‍ നടന്ന ഹാഷ് ഫ്യൂച്ചര്‍ എന്ന പരിപാടിക്ക് വിദേശത്തുനിന്ന് ആളുകള്‍ വന്നതുമായി ബന്ധപ്പെട്ട് സ്വപ്‌നയ്ക്കും സംഘത്തിനും ബന്ധമുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. 

ഈ പരിപാടിയുടെ നടത്തിപ്പുമായി സ്വര്‍ണക്കടത്ത് സംഘത്തിനുള്ള ബന്ധം സുവ്യക്തമാണ്. സ്മാര്‍ട്ട് സിറ്റിയുടെ ഭൂമി റിയല്‍ എസ്‌റ്റേറ്റ് വഴി വില്‍ക്കാനുള്ള നീക്കത്തിന് പിന്നില്‍ സ്വപ്‌നയും സംഘവുമുണ്ടെന്ന് പറഞ്ഞു. ഇടിമിന്നലില്‍ സെക്രട്ടറിയേറ്റിലെ സിസിടിവിക്ക് കേടുപാട് സംഭവിച്ചുവെന്നത് പച്ചക്കള്ളമാണ്. മെയ് മാസത്തില്‍ അങ്ങനെയൊരു ഇടിമിന്നലുണ്ടായിട്ടില്ല. ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് എല്ലാം അടച്ചിട്ട് സിസിടിവി ക്യാമറ പരിശോധിക്കാന്‍ ആരാണ് പോയതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.