ഇരിങ്ങാലക്കുടയിൽ ട്രിപ്പിൾ ലോക് ഡൗൺ: ദീര്‍ഘദൂര ബസുകള്‍ ഒഴികെ ഒരു വാഹനവും അനുവദിക്കില്ല

single-img
24 July 2020

തൃശൂര്‍ ജില്ലയില്‍ കടുത്ത കോവിഡ് നിയന്ത്രണം. ഇരിങ്ങാലക്കുട കെഎസ്ഇ ക്ലസ്റ്ററില്‍ ഇന്നലെ മാത്രം സമ്പര്‍ക്കം വഴി 16 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. സമ്പര്‍ക്ക രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.  

സമ്പര്‍ക്കത്തിലൂടെയുളള രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍, തൊട്ടടുത്തുളള മൂരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെമുതല്‍ രണ്ടിടത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുമെന്നും അധികൃതർ അറിയിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ ഒഴികെ ഒരു വാഹനവും അനുവദിക്കില്ല. തൃശൂര്‍ മാര്‍ക്കറ്റിലും നിയന്ത്രണം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ഇന്നലെ തൃശൂരില്‍ 83 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതുവരെ 1024 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ കണ്ടെത്തിയത്. അതിനിടെ ജൂലൈ 22 ന് കടപ്പുറം പഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.കേന്ദ്രത്തില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ രണ്ട് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.