ലോക്ക് ഡൗണില്‍ ഡെലിവറി ചെയ്തത് അഞ്ചര ലക്ഷം ചിക്കന്‍ ബിരിയാണി; കണക്ക് പുറത്ത് വിട്ട് സ്വിഗ്ഗി

single-img
24 July 2020

രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനിന്ന കാലഘട്ടത്തില്‍ തങ്ങൾ ഏറ്റവും കൂടുതല്‍ ഡെലിവറി ചെയ്ത ഭക്ഷണ സാധനങ്ങളുടെ കണക്ക് പുറത്ത് വിട്ട് സ്വിഗ്ഗി എന്ന ഫുഡ് ഓൺലൈൻ ഡെലിവറി സ്ഥാപനം. ഈ കാലയളവിൽ 5.5 ലക്ഷം ചിക്കന്‍ ബിരിയാണി ഓര്‍ഡറുകളാണ് ലോക്ക് ഡൗണ്‍ കാലത്ത് സ്വിഗ്ഗിയ്ക്ക് ലഭിച്ചത്.

ഇതിന് പുറമെ 32 കോടി കിലോ സവാളയും 5 കോടി 6 ലക്ഷം ഏത്തപ്പഴവും പലചരക്ക് സാധനങ്ങളുടെ വിതരണം വഴി ഡെലിവറി ചെയ്‌തെന്നും കമ്പനി അറിയിച്ചു. ഓരോദിവസവും ശരാശരി 65,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായും ലോക്ക് ഡൗണ്‍ കാലം രാത്രി എട്ട് മണിയ്ക്ക് മുന്‍പായി തന്നെ വിതരണം പൂര്‍ത്തിയാക്കിയെന്നും കമ്പനി പറയുന്നു.

ഇതിനെല്ലാം പുറമെ 1,29,000 ചോക്കോ കേക്കുകളും ഗുലാബ് ജാം, ചിക്, ബട്ടര്‍സ്‌കോച്ച്. കേക്കുകള്‍ക്കും സമാനമായ രീതിയില്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധിക്കാനുള്ള 73,000 ബോട്ടില്‍ സാനിട്ടൈസറും 47,000 മാസ്‌കുകളും വിതരണം ചെയ്തുവെന്നും കമ്പനി അറിയിക്കുന്നു.

ഏകദേശം 3,50,000 പായ്ക്കറ്റ് ന്യൂഡില്‍സുകളും വിതരണം ചെയ്തു. ആളുകൾക്ക് പാചകം ചെയ്യാന്‍ എളുപ്പമുള്ളതു കൊണ്ടായിരിക്കാം ന്യൂഡില്‍സിന് ഇത്രയധികം ഓര്‍ഡറുകള്‍ ലഭിച്ചതെന്നാണ് സ്വിഗ്ഗി പറയുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രചാരണ പരിപാടിയുടെ ഭാഗമായി പത്ത് കോടി രൂപ സമാഹരിച്ചെന്നും ഇതുവഴി 30 ലക്ഷം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌തെന്നും കമ്പനി അവകാശപ്പെടുന്നു.