ജീവനക്കാരിക്ക് കോവിഡ്: സ്വർണ്ണക്കടത്തു കേസ് പരിഗണിക്കുന്ന കോടതി അടച്ചു

single-img
24 July 2020

ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താൽക്കാലികമായി കോടതി അടച്ചു. മജിസ്ട്രേട്ടിനെയും മറ്റു ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസുകൾ പരിഗണിക്കുന്ന സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് അടച്ചത്. 

നിരീക്ഷണത്തിലാക്കിയവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ഇതുവരെ അറസ്റ്റ് ചെയ്ത 16 പ്രതികളെയും ഹാജരാക്കിയത് ഈ കോടതിയിലാണ്. എന്നാൽ പ്രതികളെ ഹാജരാക്കിയ സന്ദർഭങ്ങളിൽ ഈ ജീവനക്കാരി ജോലിയിലുണ്ടായിരുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

ജൂലെെ ഏഴിനു മുൻപ് ഇവർക്കൊപ്പം ജോലി ചെയ്തവരോടു ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ജീവനക്കാരിക്കു രോഗബാധയുണ്ടായത് ‌ബന്ധുവിൽ നിന്നാണെന്നും ഈ മാസം 7നു ശേഷം കോടതിയിൽ വന്നിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.