രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതോടെ കൊവിഡ് വൈറസിന്‍റെ അവസാനത്തിന് തുടക്കമാകും: ബിജെപി നേതാവ് രാമേശ്വര്‍ ശര്‍മ്മ

single-img
23 July 2020

ലോകമാകെയുള്ള കൊവിഡ് 19 മഹാമാരി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതോടെ അവസാനിക്കുമെന്ന് മധ്യപ്രദേശ് അസംബ്ലി പ്രോ ടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വര്‍ ശര്‍മ്മ.

അയോധ്യയില്‍ രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണം തുടങ്ങുന്നതോടെ കൊറോണ വൈറസിന്‍റെ അവസാനത്തിന് തുടക്കമാവുമെന്ന് രാമേശ്വര്‍ ശര്‍മ്മ വിശദമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സമൂഹത്തിലെ ദുഷ്ടശക്തികളെ നശിപ്പിക്കാനായും മനുഷ്യവംശത്തിന്‍റെ രക്ഷയ്ക്കായുമാണ് ശ്രീരാമന്‍ അവതാരമെടുത്തത്.

നമ്മള്‍ രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണം തുടങ്ങുന്ന മുറയ്ക്ക് വൈറസിനും അവസാനമാകും. നിലവില്‍ ഇന്ത്യയെ മാത്രമല്ല ലോകം മുഴുവനെയും കൊറോണ വൈറസ് അലട്ടുകയാണ്. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നതിനൊപ്പം ദൈവങ്ങളെയും മുറുകെപ്പിടിക്കുകയാണ്.

രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതിയാണ് ഉത്തരവിട്ടതെന്നും രാമേശ്വര്‍ ശര്‍മ്മ പറഞ്ഞു. ഓഗസ്റ്റ് മാസം 5 ന് രാമക്ഷേത്രത്തിന് പ്രധാനമന്ത്രിയാണ് തറക്കല്ല് ഇടുക. ഈ ചടങ്ങില്‍ ജനങ്ങള്‍ സാമൂഹ്യ അകലം പാലിച്ച് 200ല്‍ അധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ശ്രീ റാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രെസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി അറിയിച്ചത് .