രാവണൻ നമ്മളുദ്ദേശിക്കുന്ന ആളല്ല (ശ്രീലങ്കയിൽ)

single-img
23 July 2020

ശ്രീരാമൻ, രാവണൻ. ഹിന്ദുക്കളുടെ ഇതിഹാസമായ രാമായണത്തിലെ നായക പ്രതിനായക കഥാപാത്രങ്ങൾ. തൻ്റെ ഭാര്യയായ സീതയെ തട്ടിക്കൊണ്ടുപോയ രാവണനെ അദ്ദേഹത്തിൻ്റെ രാജ്യമായ ലങ്കയിലെത്തി വധിച്ച് സീതയെ വീണ്ടെടുക്കുന്ന ശ്രീരാമൻ്റെ സ്വാധീനം ഇന്ത്യയുടെ രാഷ്ട്രീയത്തെപ്പോലും മാറ്റാൻ കഴിവുള്ളതാണെന്നു തെളിഞ്ഞുകഴിഞ്ഞു. രാമഭക്തിയും രാമരാജ്യവുമൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഭാഗമായി മാറിക്കഴിഞ്ഞു. പക്ഷേ അത് ഇന്ത്യയിലാണ്. രാവണൻ്റെ രാജ്യമായി വിശ്വാസികൾ വിലയിരുത്തുന്ന ശ്രീലങ്കയിൽ പക്ഷേ കാര്യങ്ങൾ അങ്ങനെയല്ല. 

Video

ലോകത്തിലെ ആദ്യ പെെലറ്റ് രാവണനാണെന്നു വാദിച്ചു ശ്രീലങ്കൻ സർക്കാർ തന്നെ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.  ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ തേടി കഴിഞ്ഞ ദിവസം പരസ്യം പ്രസിദ്ധീകരിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ് ശ്രീലങ്ക. രാവണൻ  5000 വർഷം മുൻപ് വിമാനം പറത്തിയിരുന്നുവെന്നാണ് അവർ പറയുന്നത്.  ശ്രീലങ്കയിലെ പുരാണ രാജാവിനെയും നഷ്ടപ്പെട്ട പൈതൃകത്തെയും കുറിച്ച് ഗവേഷണം നടത്താൻ സർക്കാരിനെ സഹായിക്കുന്നതിന് രാവണ രാജാവുമായി ബന്ധപ്പെട്ട രേഖകളോ പുസ്തകങ്ങളോ പങ്കിടാൻ ജനങ്ങളോട് അഭ്യർത്ഥിച്ചാണ് പരസ്യം പുറത്തു വന്നിരിക്കുന്നത്. 

ലോകത്ത് ആധുനിക വിമാനങ്ങളും സാങ്കേതിക വിദ്യകളുമുണ്ടാകുന്നതിന് മുമ്പ് രാവണൻ വിമാനം പറത്തിയിരുന്നുവെന്നാണ് ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കുന്നത്. ‘രാവണ രാജാവ് അസാമാന്യ പ്രതിഭാശാലിയായിരുന്നു. വൈമാനികനായ അദ്ദേഹമാണ് ആദ്യമായി പറന്നത്. സാങ്കൽപിക കഥയല്ല, ഇതാണ് വസ്തുത. ഇക്കാര്യത്തിൽ വിശദമായ ഗവേഷണം അനിവാര്യമാണ്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഞങ്ങൾ ഇക്കാര്യം തെളിയിക്കും’- ശ്രീലങ്കൻ സിവിൽ ഏവിയേഷൻ അതോറിറ്റിവൈസ് ചെയർമാൻ ശശി ദണതുംഗെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

അങ്ങനെ വരുമ്പോൾ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാകുന്നുണ്ട് അല്ലേ? അതായത് രാക്ഷസരാജാവായ രാവണൻ ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികൾക്ക് ഒരു വില്ലനാണെങ്കിൽ ശ്രീലങ്കക്കാർക്ക് അങ്ങനെയല്ല. അവർക്ക് നായകനാണ് രാവണൻ. നായകൻ എന്നു പറഞ്ഞാൽ സകലകലാ വല്ലഭൻ എന്നു തന്നെ പറയേണ്ടിവരും. ഇന്ത്യ പറയുന്ന കഥകൾക്കു വിരുദ്ധമായിട്ടുള്ള കഥകളാണ് ശ്രീലങ്കയിൽ രാവണനെക്കുറിച്ചുള്ളത്. ശ്രീലങ്കയിലെ ഭൂരിപക്ഷമായ ബുദ്ധമതക്കാരും ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കളും വിശ്വസിക്കുന്നത് ഇന്ത്യയിലെ ഹിന്ദുക്കൾ വിശ്വസിക്കുന്നതിന് നേരേ വിപരീതമാണെന്നർത്ഥം.

രാവണൻ ഒരു വെെമാനികനായിരുന്നുവെന്നും അദ്ദേഹം ഇന്ത്യയിലേക്കും അവിടുന്ന് തിരിച്ചും പറന്നുവെന്ന് പറയുമ്പോഴും ശ്രീരാമന്റെ പത്നി സീതയെ തട്ടിക്കൊണ്ടുവന്നു എന്നുള്ളത് അവർ നിഷേധിക്കുകയാണ്. അത് ഇന്ത്യൻ ഭാഗത്ത് നിന്നുള്ള വ്യാഖ്യാനമാണെന്നാണ് ശ്രീലങ്കൻ വാദം. മറ്റൊരു പ്രധാന കാര്യം കൂടി ഈ സാഹചര്യത്തിൽ സൂചിപ്പിക്കേണ്ടതുണ്ട്. രാവണനോടുള്ള പ്രത്യേക താൽപര്യം സമീപകാലത്തായി ശ്രീലങ്കയിൽ വർധിച്ചുവരികയാണ്. അടുത്തിടെഒരു ഉപഗ്രഹം ശ്രീലങ്ക ബഹിരാകാശത്തേക്ക് അയച്ചിരുന്നു.ആ ഉപഗ്രഹത്തിന് ശ്രീലങ്കയിട്ട പേര് രാവണ എന്നാണ്. ശ്രീലങ്കയുടെ ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. ആദ്യ പദ്ധതിക്കു തന്നെ ഇങ്ങനെയൊരു പേര് ഇടണമെങ്കിൽ രാവണൻ എന്ന കഥാപാത്രത്തിന് ശ്രീലങ്കയുടെ മനസ്സിലുള്ള സ്ഥാനം ഊഹിക്കാവുന്നതല്ലേയുള്ളു. 

ശ്രീലങ്കക്കാർ പറയുന്ന ചരിത്രമനുസരിച്ച് ക്രിസ്തുവിനു മുമ്പ് 2554 മുതൽ 2517 വരെ ശ്രീലങ്ക ഭരിച്ച ഒരു യഥാർത്ഥ രാജാവവയിരുന്നു രാവണൻ. അസാമാന്യ പണ്ഡിതനായ ഒരു രാജാവ്. രാവണൻ്റെ കീഴിൽ ശ്രീലങ്ക ശാസ്ത്രത്തിലും വൈദ്യത്തിലും വലിയ പുരോഗതി കൈവരിച്ചുവെന്നും ശ്രീലങ്കക്കാർ അഭിപ്രായപ്പെടുന്നു. പുഷ്പക വിമനം അദ്ദേഹത്തിൻ്റെ ഭരണകാലത്ത് നേടിയ മഹത്തായ ശാസ്ത്രനേട്ടങ്ങൾക്ക് ഉദാഹരണമായും അവർ പറയുന്നു.  അതേസമയം രാവണൻ ഒരു വൈദ്യനെന്ന നിലയിലും പ്രശസ്തനായിരുന്നുവെന്നും ആയുർവേദത്തെക്കുറിച്ചുള്ള ഏഴ് പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെടുന്നു. ഹിന്ദു ജ്യോതിഷത്തെ സംബന്ധിച്ചുള്ള രാവണ സംഹിത എന്ന പുസ്തകം രചിച്ചത് രാവണനാണ് എന്നുള്ള കാര്യവും ശ്രീലങ്ക ചൂണ്ടിക്കാട്ടുന്നുണ്ട്.  

പത്തു തലയുള്ള കഥാപാത്രമായാണ് ഇന്ത്യൻ പുരാണങ്ങൾ രാവണനെ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ശ്രീലങ്കയിൽ ചെല്ലുമ്പോൾ കഥ മറ്റൊരു രീതിയിലേക്ക് മാറും. അവിടെയും രാവണന് പത്തു തലയുണ്ട്. പക്ഷേ അത് രാവണൻ്റ അറിവിനേയും ബുദ്ധിയേയും ചിത്രീകരിക്കുവാനാണ് ഉപയോഗിക്കുന്നതെന്നു മാത്രം. 

രാവണൻ്റെ രാജ്യം ലങ്കയാണയല്ലോ. ഇന്നത്തെ ശ്രീലങ്കയാണ് രാവണ ലങ്കയെന്നാണ് ഇന്ത്യക്കാരായ വിശ്വാസികൾ വിശ്വസിക്കുന്നതും. എന്നാൽ ഇന്നത്തെ ശ്രീലങ്കയിലെ തെക്ക്- കിഴക്ക് ദിക്കിലായിരുന്നു രാവണൻ്റെ രാജ്യമെന്നാണ് ശ്രീലങ്കൻ ചരിത്രം പറയുന്നത്. മാത്രമല്ല ഇന്ന് ഈ കാണുന്ന ലങ്കയല്ല അത്. വർഷങ്ങളായി കടൽ കയറി ആ രാജ്യം ഇന്ന് പൂർണ്ണമായും സമുദ്രത്തിനടിയിലാണെന്നും അവർ പറയുന്നു. 

ഇനിയും വിശേഷങ്ങൾ ഏറെയുണ്ട് ശ്രീലങ്കയിൽ രാവണനെക്കുറിച്ച്. രാവണൻ ഒരു ബുദ്ധമത രാജാവാണെന്നും കുരഗല, റഹൽഗാല തുടങ്ങിയ ബുദ്ധമഠങ്ങൾ സ്ഥാപിച്ചത് അദ്ദേഹമായിരുന്നുവെന്നും ചിലർ വാദിക്കുന്നുണ്ട്. ശ്രീലങ്കയിലെ  നവര എലിസയിലെ സീതാ എലിസ പോലുള്ള സ്ഥലങ്ങൾ  രാവണൻ്റെ  ഇതിഹാസവുമായി ബന്ധമുള്ള സ്ഥലങ്ങളാണ്. ഇന്ത്യയിൽ നിന്നും സീതയെ തട്ടിക്കൊണ്ടുവന്നു പാർപ്പിച്ചിരുന്ന സ്ഥലമാണ് സീതാ എലിസയെന്നു വിശ്വസിക്കപ്പെടുന്നു. രവണൻ്റെ കഥയുമായി ഏറെ ബന്ധമുള്ള സ്ഥലങ്ങളാണ് വാരിയപോളയും ഹോർട്ടൺ സമതലങ്ങളും. അദ്ദേഹത്തിൻ്റെ പറക്കുന്ന യന്ത്രം അതായത് വിമാനം ലാൻഡ് ചെയ്യിക്കുന്ന സമതലങ്ങളായിരുന്നു ഇവ. അതുപോലെ തന്നെ വളരെ പ്രസിദ്ധമാണ് റുമാസ്സല പർവ്വതം. ശ്രീലങ്കയിലെ തെക്കേ സമുദ്രഭാഗത്ത് സ്ഥിതിചെയ്യുന്ന റുമാസ്സല രാവണ ഇതിഹാസവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു, ഇത് ഹിമാലയ പർവതത്തിൻ്റെ ഭാഗമാണെന്നു ശ്രീലങ്കക്കാർ വിശ്വസിക്കുന്നു. രാമ-രാവണ യുദ്ധത്തിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകാനായി ഔഷധ സസ്യങ്ങൾ നിറഞ്ഞ പർവ്വതം ശ്രീലങ്കയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴും അപൂർവ ഔഷധമൂല്യമുള്ള സസ്യങ്ങളാൽ സമ്പന്നമാണ് ഈ പർവ്വതം. എന്നാൽ ഇന്ത്യയിലെത്തുമ്പോൾ അതു മരുത്വാമലയായി മാറുന്നു. യുദ്ധത്തിനിടയിൽ ബോധമറ്റു വീണ രാമലക്ഷ്മണൻമാരെ രക്ഷിക്കുവാൻ ഹനുമാൻ മരുത്വാമല എത്തിക്കുകയായിരുന്നുവെന്നാണ് രാമായണം പറയുന്നത്. 

ശ്രീലങ്കയുടെ വടക്ക് പടിഞ്ഞാറൻ തീരത്ത് രാമേശ്വരം ദ്വീപിനും  തമിഴ്‌നാടിന്റെ തെക്ക് കിഴക്കൻ തീരത്തുള്ള മന്നാർ ദ്വീപിനും ഇടയ്കുള്ള ആദം ബ്രഡ്ജും ഇത്തരത്തിൽ രണ്ടു ഐതീഹ്യങ്ങൾ പറയുന്നുണ്ട്. ചുണ്ണാമ്പുകല്ലുകളുടെ ശൃംഖലയായ ആദംസ് ബ്രിഡ്ജ് രാമരാവണ യുദ്ധത്തിനായി വാനരൻമാരുടെ സഹായത്തോടെ ശ്രീരാമൻ നിർമ്മിച്ചതാണെന്നാണ് രാമായണം പറയുന്നത്. അതായത് രാമസേതു. നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസി നടത്തിയ അന്വേഷണത്തിൽ 3500 മുതൽ 5000 വർഷം മുമ്പ് നിർമ്മിച്ച മനുഷ്യനിർമിതിയായിരിക്കാം ഇതെന്നുള്ള കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ ശ്രീലങ്കൻ ചരിത്രകാരൻമാർ പറയുന്നത് ആദം ബ്രിഡ്ജ് എന്ന രാമസേതു നിർമ്മിച്ചത് ശ്രീരാമനല്ല രാവണനായിരുന്നു എന്നാണ്. ലങ്കയെ ശ്രീലങ്കയുമായി ബന്ധിപ്പിക്കുന്നതിനായി രവണൻ നിർമ്മിച്ച ഈ പാലം പിന്നീട് ശ്രീരാമൻ്റെ സൈന്യം ഉപയോഗിക്കുകയായിരുന്നുവെന്നും അവർ അഭിപ്രായപ്പെടുന്നു. 

രാവണൻ നിർമ്മിച്ച പാലത്തിലൂടെ ശത്രുക്കൾ ലങ്കാപുരയുടെ അതിർത്തി കടന്ന് ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളായ രാവണനെ സ്വന്തം സഹോദരനായ വിഭീഷണൻ്റെ സഹായത്തോടെ അട്ടിമറിക്കുകയായിരുന്നു. രാവണൻ്റെ തകർച്ചയോടെ അവസാനിച്ചത്  ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു നാഗരികതകൂടിയാണെന്നും ശ്രീലങ്ക ഓർമ്മപ്പെടുത്തുന്നു. 

ഇത്രയും പറഞ്ഞത് ശ്രീലങ്കയിൽ രാവണൻ എന്ന കഥാപാത്രം എന്താണ് എന്നുള്ളതാണ്. ഇതിനിടയിൽ ഒരു പുസ്തകത്തിൻ്റെ കാര്യം കൂടി സൂചിപ്പിച്ചോട്ടെ. 

ശ്രീലങ്കക്കാരനായ മിറാണ്ടോ ഒബെയ്‌ സെക്കരെ എന്ന വ്യക്തി രചിച്ച രാവണ, ദ കിങ് ഓഫ് ലങ്ക എന്ന പുസ്തകത്തിലും രാവണൻ എന്ന രാജാവിൻ്റെ ചരിത്രമാണ് പറയുന്നത്. പുരാവസ്തു പഠനങ്ങളും താളിയോലകളില്‍ നിന്ന് ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയാണ് താന്‍ പുസ്തകം എഴുതിയതെന്ന് രചയിതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ മണ്ഡോദരിയും സഹോദരന്‍ വിഭീഷണനും ചേര്‍ന്ന് യുദ്ധ രഹസ്യങ്ങള്‍ രാമന് ഒറ്റിക്കൊടുക്കുകയായിരുന്നുവെന്നും . അല്ലെങ്കില്‍ രാമായണ കഥ തന്നെ വേറൊന്നാകുമായിരുന്നു എന്നും പുസ്തകത്തിൽ സെക്കരേ വ്യക്തമാക്കുന്നു. പക്ഷേ പുസ്തകത്തിൽ ഒരു കാര്യം സെക്കരെ ചൂണ്ടിക്കാട്ടുന്നുണ്ട്. രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോന്നു എന്നത് സത്യമാണെന്നും അതോട് കൂടിയാണ് രാവണ സാമ്രാജ്യത്തിൻ്റെ അധ:പതനം തുടങ്ങിയതെന്നും. 

രാവണൻ്റെ ലങ്ക എല്ലാ സൗഭാഗ്യങ്ങളും ഉള്ളതായിരുന്നു. ശത്രുക്കളില്‍ നിന്ന് രക്ഷ നേടാന്‍ മണ്ണിനടിയല്‍ ദുര്‍ഘടമായ അനേകം കിടങ്ങുകള്‍ രാവണന്‍ തീര്‍ത്തിരുന്നു. ശക്തമായ ഒരു നാവിക സേനക്ക് ഉടമയായിരുന്നു രാവണന്‍. സ്വന്തമായി വിമാനം ഉണ്ടായിരുന്ന രാവണന്‍ നല്ലൊരു വൈമാനികന്‍ കൂടി ആയിരുന്നു. മികച്ച കലാകാരന്‍ കൂടിയായിരുന്നു രാവണന്‍. ലോകത്തിലാദ്യമായി പടച്ചട്ടയണിഞ്ഞ സൈനികര്‍ രാവണ സൈന്യത്തിൻ്റേതായിരുന്നു. പാറക്കല്ലുകളെപ്പോലും അലിയിപ്പിക്കുന്ന രസതന്ത്ര വിദ്യയും രാവണന് സ്വന്തമായിരുന്നു. ഇങ്ങനെ പോകുന്നു പുസ്തകത്തിൻ്റെ ഉള്ളടക്കം. 

അതായത് ഇന്ത്യക്കാർ വിശ്വസിക്കുന്ന കഥകൾ ഇന്ത്യക്കാർക്ക് മാത്രമാണ് സ്വന്തം  അതു ശ്രീലങ്കയിൽ എത്തുമ്പോൾ കഥയും സാഹചര്യങ്ങളും മാറുന്നു എന്നുള്ളതാണ് സത്യം. കഥാപാത്രങ്ങൾ ഒന്നാണെങ്കിലും അതിർത്തി മാറുമ്പോൾ പ്രതിനായകനിൽ നിന്നും നായകനിലേക്കും നായകനിൽ നിന്നും പ്രതിനായകനിലേക്കുമുള്ള ദൂരങ്ങൾ വളരെ കുറവായിരിക്കും.