സ്‌കൂള്‍ തുറക്കുന്നത് വരെ ഫീസ് വാങ്ങരുതെന്ന് ഉത്തരവ്; ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് ഗുജറാത്തിലെ സ്വകാര്യ സ്‌കൂളുകള്‍

single-img
23 July 2020

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് വരെ ഫീസ് വാങ്ങരുതെന്ന ഉത്തരവിനെ തുടര്‍ന്ന് ഗുജറാത്തിലെ സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ചു. സർക്കാർ ഉത്തരവ് അപ്രായോഗികം എന്നും അതിനാൽ അനിശ്ചിത കാലത്തേക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കുന്നതായും സ്വകാര്യ സ്‌കൂളുകള്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയിലായിരുന്നു ഓണ്‍ലൈന്‍ ക്ലാസിന് ഫീസ് വാങ്ങരുതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാതിരിക്കുന്നത് കണക്കിലെടുത്തായിരുന്നു തീരുമാനം. അതേപോലെ തന്നെ 2020-21 വര്‍ഷത്തേക്ക് ഫീസ് വര്‍ദ്ധിപ്പിക്കരുതെന്നും ഈ ഉത്തരവില്‍ പറഞ്ഞിരുന്നു.

സര്‍ക്കാരിന്റെ തീരുമാനത്തില്‍ അതൃപ്തി വ്യക്തമാക്കിയാണ് 15000ത്തോളം സ്‌കൂളുകളെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ ക്ലാസുകള്‍ നിര്‍ത്തി വയ്ക്കുന്ന കാര്യം അറിയിച്ചത്. താല്‍ക്കാലികമായി ആണെങ്കിലും നടപ്പാക്കിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ യഥാര്‍ത്ഥ വിദ്യാഭ്യാസ രീതിയല്ലെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെങ്കില്‍ അതുപോലുള്ള ക്ലാസുകള്‍ നടത്തേണ്ട ആവശ്യമില്ലല്ലോയെന്നാണ് വിഷയത്തേക്കുറിച്ച് സ്വകാര്യ സ്‌കൂള്‍ യൂണിയന്‍ വക്താവ് ദീപക് രാജ്യഗുരു മാധ്യമങ്ങളോട് വ്യക്തമാക്കിയത്.സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വയ്ക്കാനാണ് സ്കൂളുകളുടെ തീരുമാനം.