പ്രധാനമന്ത്രിക്ക് രാജ്യത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടില്ല; രാഹുല്‍ ഗാന്ധി

single-img
23 July 2020

ചൈനയെ നേരിടണമെങ്കിൽ അതിനായുള്ള ആഗോള കാഴ്ചപ്പാട് ഇന്ത്യയ്ക്കുണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധി. എന്നാല്‍ ഇവിടെ സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിൽ മാത്രമാണ് പ്രധാനമന്ത്രി ശ്രദ്ധ പതിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാ കാര്യത്തിനും ഒരാൾ എന്നത് ദേശീയ കാഴ്ചപ്പാടിന് യോജിച്ചതല്ലെന്നും തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ രാഹുൽഗാന്ധി ആരോപിച്ചു. നിലവില്‍ ഇന്ത്യ ചൈനയുമായുള്ള സാഹചര്യങ്ങളെ ആഗോള കാഴ്ചപ്പാടിൽ വേണം നേരിടേണ്ടത്. ചൈന നടപ്പാക്കുന്ന ബെൽറ്റ് ആന്റ് റോഡ് പദ്ധതി സാഹചര്യങ്ങളെ മാറ്റിമറിക്കാൻ പോകുന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കും ഒരു ആഗോള കാഴ്ചപ്പാട് വേണം. ഇപ്പോള്‍ ഉള്ളതില്‍ നിന്നും വിത്യസ്തമായി നമ്മൾ ചിന്തിക്കുന്ന രീതിയിൽ മാറ്റം വരണമെന്നും രാഹുൽഗാന്ധി പറയുന്നു.

നമ്മുടെ പ്രധാനമന്ത്രിക്ക് രാജ്യത്തെപ്പറ്റി കൃത്യമായൊരു കാഴ്ചപ്പാടില്ല. പ്രധാനമന്ത്രി തീര്‍ച്ചയായും എതിർപക്ഷത്തുള്ള ആളാണെന്നറിയാം. ഇവിടെ ചോദ്യങ്ങൾ ചോദിച്ചും അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തിയും അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. അദ്ദേഹത്തിന് വ്യക്തമായ ഒരു കാഴ്ചപ്പാടില്ല അതുകൊണ്ടാണ് ഇന്ന് ചൈന ഇങ്ങനെ ചെയ്യുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

ചൈനയെ പോലുള്ള ഒരു രാജ്യത്തിനോട് ഇടപഴകേണ്ടത് മാനസികമായി കരുത്തോടെ ആവണം. അത്തരത്തില്‍ കരുത്തോടെ ഇടപഴകുന്നുവെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്നത് നേടാൻ സാധിക്കും. നമുക്ക് ഇവിടെ വലിയ അവസരങ്ങളാണ് നഷ്ടപ്പെട്ടത്. അതിന്റെ കാരണം നമുക്ക് ദീർഘവീക്ഷണമില്ല. വലിയതായി ചിന്തിക്കാൻ നമുക്ക് സാധിക്കുന്നില്ല. ആഭ്യന്തരമായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലാണ് നമ്മുടെ ശ്രദ്ധയത്രയും എന്നും രാഹുൽ ഗാന്ധി വീഡിയോ സന്ദേശത്തിൽ പറയുന്നു.