പാലത്തായി പീഡനം: പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ഇരയുടെ മാതാവ് ഹൈക്കോടതിയില്‍

single-img
23 July 2020

വിവാദമായ പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇരയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പത്മരാജന് ഒരാഴ്ച മുമ്പാണ് ജാമ്യം ലഭിച്ചത്. നിലവില്‍ കേസിൽ തുടരന്വേഷണത്തിന് തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് (രണ്ട്) കോടതി ഉത്തരവിട്ടിട്ടുണ്ട്.

അന്വേഷണ സംഘത്തിന്റെ പക്കല്‍ ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗൽ എക്സാമിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായകമായ വിധം പോക്സോ വകുപ്പുകൾ ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം നൽകിയത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം കൊടുത്തത് കൊണ്ട് തന്നെ പ്രതിക്ക് ജാമ്യം അവകാശമാകുന്നില്ല.

എന്നാല്‍ അന്വേഷണ സംഘം പോക്സോ കേസിലെ വകുപ്പുകള്‍ കുറവ് ചെയ്ത കുറ്റപത്രം കൊടുത്തത് പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്ട പെട്ടെന്നും മാത്രമല്ല, ക്രിമിനൽ ചട്ട നിയമത്തിന്‍റെ 439(1A) പ്രകാരം ഇരയെ കേൾക്കാതെ പ്രതിക്ക് ജാമ്യം നൽകിയത് നിയമ വിരുദ്ധമാണെന്നും ജാമ്യം റദ്ദ് ചെയ്യാനുള്ള ഹര്‍ജിയില്‍ പറയുന്നു.

പ്രതിയായ പദ്മരാജന്‍ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണെന്നും അതുകൊണ്ടുതന്നെ സാക്ഷികളെ സ്വാധീനിക്കാനും സ്കൂൾ രേഖകൾ തിരുത്താനും സാധ്യതയുണ്ടെന്നും അതിനാൽ പ്രതിയെ കസ്റ്റഡിയിൽ വെച്ച് കേസിന്‍റെ വിചാരണ നടത്തേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ അഡ്വ മുഹമ്മദ് ഷാ, അഡ്വ സൂരജ്, അഡ്വ. ജനൈസ് എന്നിവർ ചൂണ്ടിക്കാട്ടി.