കൊറോണ പ്രതിരോധത്തിന് ഊര്‍ജം പകരാന്‍ സംഗീത ആവിഷ്‌കാരം ‘ഇതും നാം അതിജീവിക്കും’; തീം സോങ്ങ് പുറത്തിറക്കി

single-img
23 July 2020

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഗീതത്തിലൂടെ ഊര്‍ജം പകരുകയാണ് കണ്ണൂരിൽ ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടവും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് നടത്തുന്ന ‘ഇതും നാം അതിജീവിക്കും’ കാമ്പയിനിന്റെ തീം സോങ്ങ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പുറത്തിറക്കി.

കൊവിഡ് കേസുകള്‍ ജില്ലയില്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ‘ഇതും നാം അതിജീവിക്കും’ കാമ്പയിനിലൂടെ. കൊവിഡിനൊപ്പം ആളുകളെ കരുതലുകളോടെ ജീവിക്കാന്‍ ബോധവല്‍ക്കരിക്കുകയാണ് ഈ ഗാനം ചെയ്യുന്നത്.

കണ്ണൂരിന്റെ തനതു സവിശേഷതകളിലൂടെയാണ് ഗാനം അവതരിപ്പിക്കുന്നത്. ലോക്ഡൗണ്‍ കാലവും ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ആവശ്യകതയും സാമൂഹിക അകലവും മാസ്‌കിന്റെ പ്രാധാന്യവുമാണ് ഗാനത്തില്‍ ആവിഷ്‌കരിക്കുന്നത്. മറ്റ് ജീവജാലങ്ങളെപ്പോലെ മനുഷ്യര്‍ പ്രകൃതിയുടെ സംഗീതത്തിനനുസരിച്ച് അത്യാര്‍ത്തി ഇല്ലാതെ ജീവിക്കണമെന്ന ആശയം ഇതിലൂടെ പറഞ്ഞുവെക്കുന്നു. എന്തൊക്കെ വന്നാലും അവയൊക്കെ നാം അതിജീവിക്കുക തന്നെ ചെയ്യുമെന്ന ദൃഢ വിശ്വാസമാണ് ‘ഇതും നാം അതിജീവിക്കും’ ഗാനത്തിലൂടെ ജനങ്ങളുമായി പങ്കുവെക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകളെ ഉള്‍പ്പെടുത്തിയാണ് ഇതിന്റെ ദൃശ്യാവിഷ്‌കരണം നടത്തിയിരിക്കുന്നത്.

പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദാണ് ഗാനരചന നിര്‍വ്വഹിച്ചത്. സംഗീത സംവിധാനവും ആലാപനവും നന്ദു കര്‍ത്തയാണ്. ചിത്രീകരണം ജയന്‍ മാങ്ങാടും ക്യാമറ ജലീല്‍ ബാദുഷയും എഡിറ്റിങ്ങ് എ ആര്‍ വിപിന്‍ രവിയും നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതത്തിലൂടെ ആളുകള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മനസിലാവും എന്നതിനാലാണ് സംഗീതമെന്ന മാധ്യമം ബോധവല്‍ക്കരണത്തിനായി തെരഞ്ഞെടുത്തതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.

ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, എ ഡി എം ഇ പി മേഴ്‌സി എന്നിവര്‍ പങ്കെടുത്തു