നിയമസഭാ സമ്മേളനം ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം കുറ്റവിചാരണ ചെയ്യപ്പെടുമെന്ന ഭയത്താല്‍: മുല്ലപ്പള്ളി

single-img
23 July 2020

സംസ്ഥാനത്തുനടന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് മുതൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയും തുടര്‍ന്നുണ്ടായ കണ്‍സള്‍ട്ടന്‍സി കരാറുകളും വരെയുള്ള അഴിമതി ആരോപണങ്ങളിൽ കുറ്റവിചാരണ ചെയ്യപ്പെടുമെന്ന ഭയം കാരണമാണ് നിയമസഭാ സമ്മേളനം ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സത്യത്തെ ഭയപ്പെടുന്നത് കൊണ്ടാണ് സഭാസമ്മേളനം മാറ്റാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തത്‍ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള എല്ലാ വിവാദങ്ങളുടെയും പ്രതിനായകന്‍ മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ സമ്മേളനം നടന്നാല്‍ നിയമസഭയില്‍ കുറ്റവിചാരണ ചെയ്യപ്പെടുമെന്ന് ആരെക്കാളും നന്നായി മുഖ്യമന്ത്രിയ്ക്ക് അറിയാം.

മുഖ്യമന്ത്രിയുടെ തുടര്‍ച്ചയായുള്ള വിദേശയാത്രക്കളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരം ഇതിനകം കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ ശേഖരിച്ചുകഴിഞ്ഞു. നിയമത്തിന്റെ ചട്ടങ്ങളും കീഴ് വഴക്കങ്ങളും എല്ലാം കാറ്റില്‍പ്പറത്തി നടത്തിയ ഈ അഴിമതികളെക്കുറിച്ചുള്ള സകല വസ്തുതകളും കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും എന്തുകൊണ്ടാണ് അന്വേഷണവുമായി മന്ദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്നത് ദുരൂഹമാണെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു.

ഇപ്പോള്‍ കേരളത്തില്‍ ശക്തമായ രീതിയില്‍ സ്വര്‍ണ്ണകള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന പത്തു കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഒരു കാരണവുമില്ലാതെ സ്ഥലം മാറ്റാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നതെന്നും ഈ സ്ഥലം മാറ്റല്‍ നടപടി ക്രമവിരുദ്ധമാണ് എന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വര്‍ണ്ണ കള്ളക്കടത്തില്‍ അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലെത്തിയപ്പോഴാണ് സ്ഥലം മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി. അതായത് ഇതിന് പിന്നില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.