കൊവിഡ് പ്രതിരോധം: രാജ്യത്തെ 180 ഐഎഎസ് ഓഫീസര്‍മാര്‍ക്ക് ക്ലാസെടുത്ത് ആരോഗ്യ മന്ത്രി കെ കെ ശൈലജ

single-img
23 July 2020

സംസ്ഥാനത്ത് നടന്ന കൊവിഡ് 19 വൈറസ് വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുതുതായി എത്തിയ രാജ്യത്തെ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് ക്ലാസെടുത്ത് ആരോഗ്യ മന്ത്രി കെകെ ശൈലജ. 2018 ബാച്ചിലെ ഐഎഎസ് ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്താണ് മന്ത്രി ക്ലാസ് എടുത്തത്.

മസൂറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഐഎഎസ്. ലഭിച്ച് ജോലിയില്‍ പ്രവേശിച്ച 180 ഐഎഎസ് ഓഫീസര്‍മാര്‍ ക്ലാസില്‍ പങ്കെടുത്തു. ‘കോവിഡ് പ്രതിരോധത്തില്‍ സമൂഹപങ്കാളിത്തം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസെടുത്തത്. സംസ്ഥാനത്ത് നിന്നും വളരെ അപൂര്‍വം മന്ത്രിമാര്‍ക്കാണ് ഇത്തരത്തില്‍ ക്ലാസെടുക്കാനുള്ള അവസരം ലഭിക്കാറുള്ളത്.

കഴിഞ്ഞ ആറു മാസത്തിലേറെയായി കേരളം കൊവിഡിനെതിരെ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. രോഗ വ്യാപനത്തിന്റെ ഒന്നും രണ്ടും ഘട്ടത്തില്‍ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. ഇപ്പോള്‍ കടന്നുപോകുന്ന മൂന്നാം ഘട്ടത്തില്‍ കേസുകളുടെ എണ്ണം കൂടിയെങ്കിലും ഫലപ്രദമായി നേരിടുകയാണ് കേരളം. നിലവില്‍ കൊവിഡിന്റെ പ്രാദേശിക വ്യാപനം കുറയ്ക്കുന്നതിന് ശക്തമായ നടപടികളാണ് കേരളം സ്വീകരിച്ചുവരുന്നതെന്നും മന്ത്രി ഓഫീസര്‍മാരോട് പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ഫാക്കൽറ്റികളുമായും സംസാരിച്ചു. ഓണ്‍ ക്യാമ്പസ് ട്രെയിനിംഗ് പ്രോഗ്രാം ആയി നടത്തുന്ന പരിപാടി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയാണ് സംഘടിപ്പിച്ചത്.