ഇനി ലോക് ഡൗൺ ഗുണം ചെയ്യില്ല: സംസ്ഥാനം അടച്ചിടേണ്ടെന്ന് ഐഎംഎ

single-img
23 July 2020

ഇനി സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുന്നതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞുവെന്നും ഈ സാഹചര്യത്തില്‍ ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഗുണം ചെയ്യില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് ചൂണ്ടിക്കാണിച്ചു.  ലോക്ക്ഡൗണ്‍ എന്നത് അവസാനത്തെ ആശ്രയമാണെന്നും നേരത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അന്ന് ഒട്ടേറെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ഇവിടെ സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോ. എബ്രഹാം വര്‍ഗീസ്  മാതൃഭൂമി ന്യൂസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

നമ്മുടെ അടുത്തിരിക്കുന്നവരെല്ലാം പോസിറ്റീവ് ആണെന്ന് ധരിക്കേണ്ട സ്ഥിതിയാണ്. പരിശോധന നടത്താത്തിടത്തോളം കാലം ഒരാളും നെഗറ്റീവ് ആണെന്ന് പറയാനാകില്ല- ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു. 

ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഒരു ലോക്ക്ഡൗണ്‍ കൂടി ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നും എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊത്തത്തിലുള്ള ലോക്ക്ഡൗണിന് പകരം പ്രാദേശിക തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഓരോ ഏരിയ തിരിച്ച് ക്ലസ്റ്റര്‍ മേഖലകളില്‍ റീജിയണലായി ലോക്ക്ഡൗണ്‍ നടപ്പാക്കുകയാണ് വേണ്ടത്. എന്നാല്‍ ഇത് എല്ലാസ്ഥലത്തും ഒരുപോലെ പടരുന്ന സാഹചര്യം ഉണ്ടായാല്‍ ഒരു ലോക്ക്ഡൗണിലേക്ക് പോകേണ്ടി വരുമെന്നും എബ്രഹാം വർഗ്ഗീസ് പറഞ്ഞു.