24 മണിക്കൂർ കൊണ്ട് രാഷ്ട്രീയം മതിയായി: ബിജെപിയില്‍ ചേര്‍ന്ന് ഒരു ദിവസം കഴിഞ്ഞപ്പോൾ രാഷ്ട്രീയം ഉപേക്ഷിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം

single-img
23 July 2020

ബിജെപിയില്‍ ചേര്‍ന്ന് ഒരു ദിവസം കഴിഞ്ഞപ്പോൾ രാഷ്ട്രീയം തന്നെ വെറുത്ത് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം  മെഹ്താബ് ഹുസൈന്‍. തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും സംബന്ധമില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ബിജെപിയെ തള്ളിപ്പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരമായിരുന്ന  മെഹ്താബിൻ്റെ നടപടി കൗതുകത്തോടെ വീക്ഷിക്കുകയാണ് രാഷ്ട്രയ ലോകം. 

ഇന്ത്യൻ മധ്യനിരയിലെ മിന്നും താരമായിരുന്നു  ഈസ്റ്റ് ബംഗാളിന്റെ മുന്‍ നായകന്‍ കൂടിയായ മെഹ്താബ്. തൻ്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഹുസൈന്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കി. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ബിജെപിയുടെ മുരളീധര്‍ സെന്‍ ലെയിന്‍ ഓഫീസില്‍ വെച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പാര്‍ട്ടി പതാക കൈമാറിയത്. ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളികളോടെയാണ് പതാക കൈമാറുന്ന ചടങ്ങ് നടന്നത്‌. അതു കഴിഞ്ഞ് 24 മണിക്കൂർ പൂർത്തിയാകുമ്പോഴാണ് അദ്ദേഹം രാഷ്ട്രീത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്. 

“ഇന്ന് മുതല്‍ എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടായിരിക്കില്ല. എന്റെ തീരുമാനത്തില്‍ എന്റെ എല്ലാ അഭ്യുദയകാംക്ഷികളോടും  ഞാന്‍ ക്ഷമ ചോദിക്കുകയാണ്”, മെഹ്താബ്‌ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്തു. അതേസമയം ഈ തീരുമാനത്തിലെത്താന്‍ ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയെന്നത് തൻ്റെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും മെഹ്താബ് വ്യക്തമാക്കി. 

ഈ സാഹചര്യത്തിൽ താൻ ജനങ്ങളോടൊപ്പം നില്‍ക്കാന്‍ താനഗ്രഹിച്ചിരുന്നുവെന്നും മെഹ്താബ് തുറന്നു പറഞ്ഞു. നിസ്സഹായരായ മനുഷ്യരുടെ മുഖം ഉറക്കം കെടുത്തിയതുകൊണ്ടാണ് താന്‍ രാഷ്ട്രീയത്തിലേക്ക് പൊടുന്നനെ രംഗപ്രവേശം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷെ ഏതൊരു ജനത്തിനു വേണ്ടിയാണോ താന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത് അവര്‍ താന്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ പാടില്ലായിരുന്നെന്ന് പറയുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. 

ഒരു രാഷ്ട്രീയക്കാരനായി തന്നെ കാണാന്‍ പറ്റില്ലെന്നാണ് ജനങ്ങൾ തന്നോടു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ഭാര്യയും മക്കളും വരെ തൻ്റെ രാഷ്ട്രീയപ്രവേശനത്തില്‍ വേദനിച്ചിരുന്നുവെന്നുള്ള കാര്യവും മെഹ്താബ് പങ്കുവച്ചു. 

എന്നാൽ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നുള്ള ചില ഭീഷണികളെ ഭയന്നാണ് മെഹ്താബ് ഹുസൈൻ്റെ മനംമാറ്റമെന്നാണ് ബിജെപി പറയുന്നത്.