പൊതു സ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടാകില്ല; കേരളത്തില്‍ ബലിപെരുന്നാള്‍ ആഘോഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്: മുഖ്യമന്ത്രി

single-img
23 July 2020

കേരളത്തിൽ ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ മുസ്ലീം മതനേതാക്കളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ചർച്ചയിൽ സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും നേതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരമാവധി ആഘോഷങ്ങള്‍ ചുരുക്കി ചടങ്ങുകള്‍ മാത്രം നിര്‍വ്വഹിക്കുക എന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത് എന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇക്കുറി പെരുന്നാള്‍ നമസ്‍ക്കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യം ഏര്‍പ്പെടുത്താമെന്നാണ് ചർച്ചയിൽ ഉയര്‍ന്നുവന്ന അഭിപ്രായം. ഇതനുസരിച്ചു പൊതു സ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടായിരിക്കുന്നതല്ല. ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. ഒരേസമയം പരമാവധി നൂറുപേര്‍, അതില്‍ അധികം ആളുകള്‍ പാടില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

അതേപോലെ തന്നെ ബലികര്‍മ്മവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നടത്തുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താനും ധാരണായിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ടൗണിലെ പള്ളികളില്‍ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനുള്ള ശ്രദ്ധയുണ്ടാകണം. മുൻപ് തുറക്കാതിരുന്ന പള്ളികളില്‍ അതേനില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.