ആലുവയിൽ പടരുന്ന വെെറസ് അപകടസാധ്യത കൂടിയത്

single-img
23 July 2020

ആലുവ മേഖലയിൽ പടരുന്ന കോവിഡ് വൈറസ് അപകട സാധ്യത കൂടിയതാണെന്നാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

എറണാകുളം ജില്ലയില്‍ 93 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതില്‍ 66 പേര്‍ക്കും സമ്പര്‍ക്കംവഴിയാണ്. 15 പേരുടെ ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവയില്‍ രോഗവ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ സമീപ പഞ്ചായത്തുകളായ ചൂര്‍ണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തി ഒറ്റ ക്ലസ്റ്ററാക്കി പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ആലുവ ക്ലസ്റ്ററില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. രാവിലെ 7മുതല്‍ 9 വരെ മൊത്തവിതരണവും 10 മുതല്‍ 2 വരെ ചില്ലറ വില്‍പനയും അനുവദിക്കും. അതേസമയം ചെല്ലാനം മേഖലയില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. പ്രദേശത്തെ എഫ്എല്‍ടിസിയില്‍ കോവിഡ് പരിശോധന ആരംഭിച്ചു. കോവിഡ് രോഗ സമ്പര്‍ക്കത്തിന്റെ പേരില്‍ ജില്ലയില്‍ അടച്ചിട്ടിരിക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളും അണുനാശനം നടത്തി നാളെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോവിഡ് പരിശോധന സംവിധാനമുള്ള സ്വകാര്യ ആശുപത്രികളില്‍ ഗുരുതര അവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ തന്നെ ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.