സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് തെളിയിക്കപ്പെട്ടതോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം കൈവിട്ടനിലയിലായി: ചെന്നിത്തല

single-img
22 July 2020

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൈവിട്ടനിലയിലായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംഘമാണ് തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന് നേതൃത്വം നല്‍കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. സെക്രട്ടറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ ആരും കാണരുതെന്ന ലക്ഷ്യത്തോടെയാണ് ഈ മാസം 13ന് ചീഫ് സെക്രട്ടറി ഒരു ഉത്തരവിറക്കിയതെന്നും ചെന്നിത്തല പറഞ്ഞു. ഇടിമിന്നല്‍ കാരണം സിസി ടിവിയില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിറക്കിയത് തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

നൂറ് കണക്കിനാളുകളെയാണ് കിന്‍ഫ്രയിലൂടെ നിയമനം നടത്തുന്നത്. ഇത് നിയമവിരുദ്ധമായ നടപടിയാണ്. 20 ലക്ഷം രൂപ മിൻ്റ് എന്ന് സ്ഥാപനം വഴി നല്‍കുന്നു.  നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാനുള്ള അധികാരം ചീഫ് സെക്രട്ടറിക്ക് ഇല്ല. ചീഫ് സെക്രട്ടറി തെളിവുകള്‍ നശിപ്പിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. 

മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏഴുപേര്‍ക്കുമുള്ള ബന്ധത്തിന് ഒരു തെളിവും ഇല്ലാതിരിക്കാനാണ് ഈ തെളിവുകള്‍ നശിപ്പിക്കുന്നത്. ഇത് എന്‍ഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ആക്രമിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ വരുമ്പോഴുണ്ടാകുന്ന രോഷം പ്രതിപക്ഷത്തിന്റെ തലയില്‍ വെച്ച് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.