ഒരാള്‍ മാത്രം 65 ലക്ഷം രൂപ നിക്ഷേപിച്ചു എന്ന വാർത്ത തെറ്റ്: ഹവാല ഇടപാട് തള്ളി പൊലീസ്

single-img
22 July 2020

കണ്ണൂര്‍ സ്വദേശിനി വര്‍ഷയുടെ അഭ്യര്‍ഥനപ്രാകരം അമ്മയ്ക്ക് സഹായമായി വന്‍തുക ലഭിച്ചതില്‍ ഹവാല ഇടപാടിനുള്ള സാധ്യത തള്ളി പൊലീസ് രംഗത്ത്. അക്കൗണ്ട് രേഖകള്‍ പരിശോധിച്ചതായും പൊലീസ് വ്യക്തമാക്കി. ഒരുലക്ഷം രൂപ വരെയുള്ള തുകയാണ് ലഭിച്ചിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഒരാള്‍ മാത്രം 65 ലക്ഷം രൂപ നിക്ഷേപിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അക്കൗണ്ട് രേഖകള്‍ പരിശോധിച്ചതില്‍ അതു കണ്ടെത്താനായില്ലെന്നാണ് വിവരം. 

അക്കൗണ്ടിലേക്ക് ചില കേന്ദ്രങ്ങളില്‍നിന്ന് വന്‍തുക എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒന്നേകാല്‍ കോടിയോളം രൂപയാണ് അക്കൗണ്ടില്‍ എത്തിയത്. നൂറു രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ കൈമാറിയവരുണ്ട്. പതിനാറായിരത്തിലേറെ പേരാണ് വര്‍ഷയുടെ അക്കൗണ്ടില്‍ തുക നിക്ഷേപിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

അതിനിടെ ചികിത്സ സഹായമായി ലഭിച്ച പണം തട്ടിയെടുക്കാന്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പൊതുപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ പൊലീസ് ചോദ്യംചെയ്തു. അമ്മയുടെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള പണത്തില്‍ അധികമുള്ളതു മറ്റ് രോഗികള്‍ക്കു നല്‍കാമെന്ന് വര്‍ഷ അറിയിച്ചിരുന്നതായി ഫിറോസ് പൊലീസിനോട് പറഞ്ഞു.

വര്‍ഷ നല്‍കിയ പരാതിയിലാണ് അന്വേഷണം. ഫിറോസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷയില്‍നിന്നും പൊലീസ് കൂടുതല്‍ വിവരങ്ങള്‍ തേടുമെന്നാണ് സൂചനകൾ.