കിം പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിക്കു കൂടി കോവിഡ്: രോഗിയുടെ സമ്പർക്കപ്പട്ടിക വിപുലം

single-img
22 July 2020

തിരുവനന്തപുരം ജില്ലയില്‍ വിവാദമായ സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ മറ്റൊരു വിദ്യാര്‍ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പരീക്ഷയ്ക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും കൂടിയത് വലിയ വിവാദമായിരുന്നു. ഇതോടെ ജില്ലയില്‍ മാത്രം പ്രവേശന പരീക്ഷ എഴുതി കോവിഡ് സ്ഥിരീകരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം മൂന്നായി. 

വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളില്‍ പരീക്ഷ എഴുതിയ 17കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.പൂന്തുറ സ്വദേശിയായ ഈ കുട്ടിയുടെ അമ്മയ്ക്ക് കോവിഡ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മകനിലും പരിശോധന നടത്തുകയായിരുന്നു. 

സംസ്ഥാനത്ത് ഇതുവരെ അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് ഒരു വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് വന്ന് പരീക്ഷ എഴുതിയ കൊല്ലം സ്വദേശിനിക്കും രോഗബാധ കണ്ടെത്തിയിരുന്നു.

സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് വലിയ തുറ നേരത്തെ തന്നെ കണ്ടെയന്‍മെന്റ് സോണിലാണ്. അതുകൊണ്ട് തന്നെ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് പരീക്ഷ നടത്തിയത്. ഇന്‍വിജിലേറ്റര്‍മാരും അധ്യാപകരും പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയത്.