ശുഭവാർത്ത: ഒരു ഡോസിന് ആയിരം രൂപയില്‍ താഴെ വിലയുമായി കോവിഡ് വാക്സിൻ വരുന്നു

single-img
22 July 2020

ലോകത്തെ കീഴടക്കി മുന്നേറുന്ന കോവിഡ് മാഹാമാരിയ്ക്ക് എന്നാണ് ഒരു അറുതിയുണ്ടാകുക? ഫലപ്രദമായ ഒരു വാക്സിൻ രംഗത്തു വരാത്തിടത്തോളം കാലം ഈ ചോദ്യം ഉയർന്നുകൊണ്ടിരിക്കും. എന്നാൽ ഇതിനിടയിൽ ശുഭപ്രതീക്ഷ നൽകുന്ന ചില വാർത്തകളും കേൾക്കുന്നുണ്ട്. ഓക്സഫോർഡ് സർവ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ്റെ പരീക്ഷണങ്ങൾ മനുഷ്യരിൽ നടന്നുവരുന്നു എന്ന വാർത്തയ്ക്കു പിന്നാലെ  പ്രമുഖ മരുന്ന് കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും ശുഭവാർത്തയുമായി രംഗത്തുണ്ട്. 

https://youtu.be/Zl0TFa1FPYk
video

കോവിഡിനെതിരെ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ വലിയ തോതിലുളള ഉത്പാദനം അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആരംഭിക്കുമെന്ന് പ്രമുഖ മരുന്ന് കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ അറിയിച്ചിരിക്കുകയാണ്.  അടുത്ത മാസം മനുഷ്യരിലുളള വാക്‌സിന്റെ പരീക്ഷണം ആരംഭിക്കുമെന്ന് സെറം സിഇഒ അഡാര്‍ പൂനവാല അറിയിച്ചു. എല്ലാവര്‍ക്കും താങ്ങാവുന്ന നിലയില്‍ കുറഞ്ഞ വിലയില്‍ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനാണ് ആലോചനയെന്നും അദ്ദേഹം പറയുന്നു.

ഒരു ഡോസിന് ആയിരം രൂപയില്‍ താഴെ മാത്രമായിരിക്കും വില. ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിൻ്റെ മൂന്നാം ക്ലിനിക്കല്‍ പരീക്ഷണം നടന്നു വരികയാണ്. നിലവില്‍ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുടെ പങ്കാളിയായ അസ്ട്രാസെനെക്കയുമായി സെറം സഹകരിച്ചു വരികയാണ്.  ഇതിന് പുറമേയാണ് ഇന്ത്യയില്‍ വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിനുളള നടപടികള്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്നുള്ള കാര്യം അവർ പുറത്തു വിട്ടത്.  ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അഡാര്‍ പൂനവാല ഇക്കാര്യങ്ങൾ പറഞ്ഞത്. 

സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍  നിര്‍മ്മാണത്തിനാവശ്യമായ എല്ലാവിധ സാങ്കേതിക സംവിധാനങ്ങളും ലഭ്യമാണ്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ വലിയ തോതില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണം വിജയിച്ചാല്‍, ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നും അഡാര്‍ പൂനവാല പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യക്ക് വേണ്ടി നൂറ് കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കാനാണ് അസട്രാസെനേക്കയുമായുളള ധാരണ അനുസരിച്ച് ലക്ഷ്യമിടുന്നത്.കൂടാതെ വരുമാനം കുറവുളള ചെറുകിട, ഇടത്തരം രാജ്യങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈറസ്ജന്യ രോഗത്തെ തടയുന്നതിന് വേണ്ടിയുളള വാക്‌സിനാണ് ഓക്‌സ്‌ഫോഡ് വികസിപ്പിച്ചത്. രോഗാണുവിനെ പ്രതിരോധിക്കാന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് വാക്‌സിന്റെ ലക്ഷ്യമെന്നും  അഡാര്‍ പൂനവാല ചൂണ്ടിക്കാട്ടുന്നു.