കോവിഡ് വാക്സിൻ വിജയകരമായേക്കാം… പക്ഷേ…

single-img
22 July 2020

ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്താന്‍ സാധ്യതയേറി. കോവിഡ് വാക്സിൻ ആദ്യഘട്ട പരീക്ഷണത്തില്‍ വിജയിച്ചതോടെയാണ് ലോകത്ത് പുതു പ്രതീക്ഷകൾ മൊട്ടിടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നാണ് ഓക്‌സ്‌ഫോഡ് സര്‍വകലാശാല വ്യക്തമാക്കുന്നത്. ഇങ്ങനെ പറയുവാനുള്ള കാരണവും അവർ വ്യക്തമാക്കുന്നുണ്ട്. 

അവസാനഘട്ട വാക്‌സിന്‍ പരീക്ഷണത്തിലും അനുകൂലമായ ഫലം പുറത്തുവരണമെന്നുള്ളതാണ് ഏറെ നിർണ്ണായകം. മൂന്നു ഘട്ടമായി നടക്കുന്ന പരീക്ഷണങ്ങളിൽ ആദ്യ രണ്ടുഘട്ടം പൂർത്തിയായിട്ടും കാര്യമില്ലെന്നുള്ളതാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തിൽ മൂന്നു പരീക്ഷണ ഘട്ടവും വിജയകരമായാൽ മാത്രമേ വാക്സിൻ ജനങ്ങൾക്കിടയിൽ എത്തുകയുള്ളു.

വാക്സിൻ ലോകത്ത് സാർവ്വത്രികമാകുവാൻ വലിയ തോതിലുളള ഉത്പാദനം നടക്കണം. അതിനായി റെഗുലേറ്ററുടെ അനുമതി വാങ്ങണമെന്നുള്ളതും മറ്റൊരു കടമ്പയാണ്. ഇത്തരത്തില്‍ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വന്നാൽ മാത്രമേ കോവിഡ് രോഗത്തിന് അറുതിവരുത്തുവാൻ കഴിയുള്ളു എന്ന കാര്യമാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നതും. 

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇത് ഒരു സാധ്യത മാത്രമാണ്. ഈ വര്‍ഷം അവസാനത്തോടെ തന്നെ വാക്‌സിന്‍ പുറത്തിറക്കുമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ല: കോവിഡ് വാക്സിൻ ഗവേഷകരില്‍ പ്രമുഖയായ സാറാ ഗില്‍ബര്‍ട്ട് വ്യക്തമാക്കുന്നു. 

കഴിഞ്ഞദിവസമാണ് ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. വാക്‌സിന്‍ പ്രയോഗിച്ച ആളുകളില്‍ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആര്‍ജിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രമുഖ മരുന്ന് കമ്പനിയായ അസ്ട്രസെനെക്കയുമായി ചേര്‍ന്നാണ് സര്‍വകലാശാല വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

സെപ്റ്റംബറോടെ ലക്ഷകണക്കിന് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ലക്ഷ്യമിടുന്നത്. അസട്രാസെനെക്കയ്ക്ക് വലിയ തോതിലുളള വാക്‌സിന്‍ നിര്‍മ്മാണത്തിനുളള ശേഷിയുണ്ടെന്നും അവര്‍ വ്യക്തമാക്കി.അന്തിമ ഘട്ട വാക്‌സിന്‍ പരീക്ഷണത്തിനുളള നടപടികള്‍ ബ്രസീലിലും ദക്ഷിണാഫ്രിക്കയിലുമായി നടന്നു വരികയാണ്.

ലോകമെമ്പാടുമുള്ള നൂറിലേറെ ശാസ്ത്രസംഘങ്ങള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണത്തിനായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ സൃഷ്ടിച്ചത് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ AZD1222 എന്ന് പേരിട്ടിരിക്കുന്ന ഈ വാക്‌സിന്‍ തന്നെയായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും വാക്‌സിന്‍ നിര്‍മ്മാണവുമായി സഹകരിക്കുന്നുണ്ട്.

അടുത്ത ഘട്ടങ്ങളിലും വാക്‌സിന്‍ വിജയകരമാവുന്ന പക്ഷം ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കുക പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി തന്നെയായിരിക്കും. സര്‍വകലാശാലയുടെ വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തില്‍ എത്തിയതിന് പിന്നാലെ തന്നെ ബ്രീട്ടിഷ് സര്‍ക്കാര്‍ നൂറ് മില്യണ്‍ യൂണിറ്റ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു.