ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷനോ ഫോണ്‍ സൗകര്യമോ ഇല്ല; എട്ടാംക്ലാസുകാരിയുടെ അപേക്ഷയിൽ ടിവി വീട്ടിലെത്തിച്ച് ജനമൈത്രി പോലീസ്

single-img
21 July 2020

എട്ടാം ക്ലാസില്‍ പഠിക്കുന്ന ഏയ്ഞ്ചലിനു ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷനോ ഫോണ്‍ സൗകര്യമോ ഇല്ല, അതിനാല്‍ത്തന്നെ അവളുടെ ഓണ്‍ലൈന്‍ പഠനവും മുടങ്ങിയ അവസ്ഥയായിരുന്നു ഇതുവരെ. നിര്‍ധനകുടുംബത്തിലെ അംഗമായ ഏയ്ഞ്ചല്‍ അടൂര്‍ സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിലാണ് പഠിക്കുന്നത്. ക്ലാസുകള്‍ തുടങ്ങി ഇത്രനാളായിട്ടും ടിവി കിട്ടിയില്ല എന്ന സങ്കടം അവള്‍ ഒരു അപേക്ഷയായി എഴുതി പന്തളം പോലീസ് സ്റ്റേഷനിലേക്ക് അയച്ചു.

കത്ത് കിട്ടിയ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നു, പന്തളം ജനമൈത്രി പോലീസും യൂത്ത് ക്ലബും ചേര്‍ന്ന് ‘കൈകോര്‍ക്കാം, അവര്‍ പഠിക്കട്ടെ ‘ എന്ന ടിവി ചലഞ്ചില്‍പെടുത്തി ഏയ്ഞ്ചലിനും തുടര്‍ന്ന് ഒന്നും രണ്ടും ക്ലാസ്സുകളില്‍ പഠിക്കുന്ന തുമ്പമണ്ണിലെ ഒരു നിര്‍ധനകുടുംബത്തിലെ കുട്ടികള്‍ക്കും ടെലിവിഷനുകള്‍ എത്തിച്ചു.

ടിവി യും ഫോണും ഇല്ലാതെ പഠനം മുടങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ക്ക് പന്തളം ജനമൈത്രി പോലീസ് അങ്ങനെ തുണയായി. പോലീസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം ബീറ്റ് ഓഫീസര്‍മാരായ അമീഷ്, സുബീക് റഹിം, യൂത്ത്ക്ലബ് വോളന്റിയര്‍മാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.