രാജാ മാന്‍സിംഗ് കൊലപാതകം; 33 വര്‍ഷത്തിന് ശേഷം കോടതി വിധി ഇന്ന്; 1985ല്‍ നടന്ന ആ സംഭവം അറിയാം

single-img
21 July 2020

രാജസ്ഥാനെ പിടിച്ചുകുലുക്കിയ രാജാ മാന്‍സിംഗിന്റെ കൊലപാതകക്കേസില്‍ 33 വര്‍ഷത്തിന് ശേഷം സിബിഐ കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചു. സംഭവ സമയത്തെ മുന്‍ ഡെപ്യൂട്ടി എസ്പിയായ കാന്‍ സിംഗ് ഭാട്ടിയയടക്കം 11 പൊലീസ് ഉദ്യോഗസ്ഥര്‍ രാജകുടുംബാംഗവും എംഎല്‍എയുമായിരുന്ന രാജാ മാന്‍സിംഗിന്റെ കൊലപാതകക്കേസില്‍ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

Video

ഇദ്ദേഹത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 18 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.ഇതില്‍ വിചാരണക്കിടെ നാല് പേര്‍ മരിച്ചിരുന്നു. മറ്റുള്ളവരില്‍ മൂന്ന് പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. 1985ലായിരുന്നു രാജാ മാന്‍സിംഗ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

രാജസ്ഥാനിലെ ഭരത്പൂരിലെ അവസാന രാജാവ് മഹാരാജാ സാവായി വ്രിജേന്ദ്രസിംഗിന്റെ ഇളയ സഹോദരനായിരുന്നു രാജാ മാന്‍സിംഗ്. രാജസ്ഥാനിലെ ഡീഗ് മണ്ഡലത്തില്‍ നിന്ന് ഏഴുതവണ സ്വതന്ത്ര എംഎല്‍എയായ മാന്‍സിംഗ് ഇംഗ്ലണ്ടില്‍നിന്നാണ് ബിരുദം നേടിയത്. നാട്ടില്‍1 തിരികെയെത്തി 52 മുതല്‍ 1984 വരെയാണ് അദ്ദേഹം എംഎല്‍എയായത്.

ഇതിനെല്ലാം പുറമേ രാജസ്ഥാനിലെ കഴിഞ്ഞ ബിജെപി സര്‍ക്കാറില്‍ ടൂറിസം മന്ത്രിയായിരുന്നു മാന്‍സിംഗിന്റെ മകള്‍ കൃഷ്ണേന്ദ്ര കൗര്‍ ദീപ. 1985 ലെ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയായിരുന്ന ശിവ് ചരണ്‍ മാഥൂറിന്റെ ഹെലികോപ്ടന്‍ കേടായതിന് ശേഷമുണ്ടായ കലാപത്തെ തുടര്‍ന്നാണ് മാന്‍സിംഗും അദ്ദേഹത്തിന്റെ രണ്ട് അനുയായികളും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്.

തെരഞ്ഞെടുപ്പില്‍ മാന്‍സിംഗിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അംഗവുമായ വിജേന്ദ്ര സിംഗിന്റെ പ്രചാരണാര്‍ത്ഥമാണ് മുഖ്യമന്ത്രി ഡീഗില്‍ അപ്പോള്‍ എത്തിയത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാന്‍സിംഗിന്റെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്തു. ഇതറിഞ്ഞപ്പോള്‍ മാന്‍സിംഗ് അനുയായികളുമായി ജീപ്പില്‍ യോഗസ്ഥലത്തെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലായി. തുടര്‍ന്ന് മാന്‍സിംഗും സംഘവും മുഖ്യമന്ത്രിയുടെ ഹെലികോപ്ടറില്‍ ജീപ്പുകൊണ്ടിടിക്കുകയായിരുന്നു.

സംഘര്‍ഷം തുടര്‍ന്നതോടെ സുരക്ഷാ സംഘമാണ് മുഖ്യമന്ത്രിയെ സ്ഥലത്തുനിന്ന് നീക്കിയത്. സംഭവശേഷം ഫെബ്രുവരി 21ന് മടലത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസില്‍ കീഴടങ്ങാനായി പോയ മാന്‍സിംഗിനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുകയും അതില്‍ അന്വേഷണം നടക്കുകയുമായിരുന്നു.