പുതുജീവൻ ലഭിക്കുന്ന എട്ടുപേരിലൂടെ അനുജിത് ഇനിയും ജീവിക്കും; അവയവങ്ങളുമായി ഹെലികോപ്റ്റർ കൊച്ചിയിലെത്തി

single-img
21 July 2020

സംസ്ഥാനത്ത് വീണ്ടും അവയവദാനത്തിനായി ഹെലികോപ്റ്റർ പറന്നുയരുന്നു. മസ്തിഷ്കമരണം സംഭവിച്ച അനുജിത്തിന്റെ അവയവങ്ങൾ പുതുജീവൻ നൽകുന്നത് എട്ടുപേർക്കാണ്. അനുജിത്തിന്റെ ഹൃദയവും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി.

കൊട്ടാരക്കര എഴുകോൺ സ്വദേശിയായ 27 വയസുകാരൻ അനുജിത്തിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഇക്കഴിഞ്ഞ 14-ആം തീയതി കൊട്ടാരക്കരയിൽ വെച്ചു നടന്ന ഒരു ബൈക്കപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ അനുജിത് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 18-ആം തീയതിയാണ് അനുജിത്തിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന്റെ ഹൃദയം, വൃക്കകൾ, കൈകൾ, ചെറുകുടൽ, കരൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്. ഹൃദയം സ്വീകരിക്കുന്നത് എറണാകുളം ലിസി ആശുപത്രിയിലെ രോഗിയാണ്. ഇദ്ദേഹത്തിന് വേണ്ടിയാണ് അനുജിത്തിന്റെ ഹൃദയവുമായി സർക്കാർ ഹെലികോപ്റ്റർ കൊച്ചിയിലേയ്ക്ക് പോയത്. അവയവങ്ങൾ എടുക്കുന്നതിനായുള്ള ശസ്ത്രക്രിയ നടത്താൻ ലിസി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ദൻ ഡോ. ജോസ് ചാക്കോ കിംസ് ആശുപത്രിയിലെത്തിയിരുന്നു.

കൊല്ലം സ്വദേശിയായ ആൾക്കാണ് അനുജിത്തിന്റെ വൃക്ക ദാനം ചെയ്യുന്നത്. കൈകളും ചെറുകുടലും എറണാകുളം സ്വദേശികളാണ് സ്വീകരിക്കുന്നത്.

കണ്ണനല്ലൂർ എഞ്ചിനീയറിംഗ് കോളജിലെ ഡ്രൈവറായിരുന്ന അനുജിത്ത് വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. മാതാപിതാക്കളും ഭാര്യയും കുഞ്ഞുമടങ്ങിയ ഒരു ഇടത്തരം കുടുംബത്തിന്റെ ഏക അത്താണിയാണ് അനുജിത്തിന്റെ മരണത്തോടെ ഇല്ലാതായിരിക്കുന്നത്.

ചെറുപ്പം മുതലേ സാമൂഹ്യസേവനതൽപ്പരനായിരുന്ന അനുജിത്തിന്റെ മരണം അയാളുടെ സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. 2010-ൽ റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടതിനെത്തുടർന്ന് അനുജിത്തും സുഹൃത്ത് വിതിനും ചേർന്ന് ചുവന്ന സഞ്ചി വീശി ട്രെയിൻ നിർത്തിയതിനെത്തുടർന്ന് വലിയ ഒരു അപകടം ഒഴിവായത് അക്കാലത്ത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ചന്ദത്തോപ്പ് ഐടിഐയിലെ ഒന്നാം വർഷം വിദ്യാർഥിയായിരുന്നു അനുജിത് അന്ന്.

അവയവദാനത്തെക്കുറിച്ച് പല വിവാദങ്ങളും ഉയർന്നതിനെത്തുടർന്ന് ഇടയ്ക്ക് നിർത്തിവെച്ചിരുന്ന അവയവദാനം വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. സർക്കാർ ഇതിനായി സുതാര്യമായ മാനദണ്ഡങ്ങൾ കൊണ്ടുവന്നതാണ് കാരണം. ലോക്ക് ഡൌൺ ആരംഭിച്ചതിന് ശേഷം നടക്കുന്ന എട്ടാമത്തെ അവയവദാനമാണ് അനുജിത്തിന്റേത്. ഈ വർഷം ഇതുവരെ 12 അവയവദാനങ്ങളാണ് സംസ്ഥാനത്ത് നടന്നത്.