ഇതരസംസ്ഥാന ലോറിത്തൊഴിലാളികളെ പരിശോധിക്കണം: ലോറികൾ തടഞ്ഞ് സ്ത്രീകളുടെ പ്രതിഷേധം

single-img
21 July 2020

ഇതരസംസ്ഥാനത്തുനിന്ന് വരുന്ന ലോറികളിലെ തൊഴിലാളികളെ കോവിഡ് പരിശോധനയ്ക്ക്  വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളുടെ പ്രതിഷേധം. ആലപ്പുഴ വഴിച്ചേരി മാർക്കറ്റിലാണ് സ്ത്രീകൾ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ലോറികൾ തടഞ്ഞ് പ്രതിഷേധിച്ചത്.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കാര്യക്ഷമമായി പരിശോധന നടത്തുന്നില്ലെന്നാരോപിച്ചാണ് മാർക്കറ്റിന് സമീപം താമസിക്കുന്ന വീടുകളിൽ താമസിക്കുന്നവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാര്‍ക്കറ്റിലേക്ക് വന്ന ഇതരസംസ്ഥാന സോറികള്‍ തടഞ്ഞിട്ട പ്രതിഷേധക്കാർ  റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. 

മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. കൂടുതൽ പരിശോധനകൾ നടത്താമെന്ന ഉറപ്പിലാണ് ഇവർ പിരിഞ്ഞുപോയത്.

കായംകുളത്ത് ഇതരസംസ്ഥാനത്തുനിന്നും വന്ന ലോറിത്തൊഴിലാളികളിൽ നിന്ന് പച്ചക്കറി വ്യാപാരിയ്ക്ക് രോഗം പകരുകയും തുടര്‍ന്ന് സമ്പര്‍ക്കത്തിലൂടെ മുപ്പതിലധികംപേര്‍ക്ക് രോഗവ്യാപനം ഉണ്ടാവുകയും ചെയ്തിരുന്നു. ഈ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ മാര്‍ക്കറ്റുകളിലും ആശങ്ക നിലനില്‍ക്കുകയാണ്.