ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചു; ഐപി എല്‍ നടക്കാന്‍ സാധ്യത

single-img
20 July 2020

ആരാധകരെ നിരാശരാക്കി ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ട്വന്റി-20 ലോകകപ്പ് ഐസിസി 2022 ഒക്ടോബറിലേക്ക് പുനര്‍നിശ്ചയിച്ചു. ഐസിസിയുടെ തീരുമാനം പുറത്ത് വന്നതോടെ മുടങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ കാലയളവില്‍ നടക്കാന്‍ സാധ്യത തെളിയുകയാണ്.

ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തിലാണ് ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ ഔദ്യോഗിക തീരുമാനം കൈക്കൊണ്ടത്. ലോകമാകെയുള്ള കോവിഡ് വൈറസ് വ്യാപന ഭീതി മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ ട്വന്റി-20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഐസിസിയെ മുന്‍പ് അറിയിക്കുകയുണ്ടായിരുന്നു.

പക്ഷെ ഏത് രീതിയിലും ടൂര്‍ണമെന്റിനുള്ള എല്ലാ സാധ്യതയും തേടിയതിന് ശേഷം മാത്രം ഔദ്യോഗിക തീരുമാനമെടുത്താല്‍ മതിയെന്ന നിലപാടായിരുന്നു ഐസിസി കൈക്കൊണ്ടത്. ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ച സാഹചര്യത്തില്‍ ഐപിഎല്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഇപ്പോള്‍.

ഈ വര്‍ഷം സെപ്തംബര്‍ 26 മുതല്‍ നവംബര്‍ 8 വരെ ഐപിഎല്‍ നടത്താനുള്ള ആലോചന നിലവില്‍ ബിസിസിഐക്കുണ്ട്. ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ട്വന്റി-20 ലോകകപ്പായിരുന്നു ഐപിഎല്ലിന് തടസമായി നിന്നിരുന്നത്. അതേസമയം ഐപിഎല്‍ ഇന്ത്യയ്ക്കകത്ത് നടക്കുമോയെന്ന കാര്യവും സംശയമാണ്. ഓരോ ദിവസവും കൊറോണ ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുവരുമ്പോള്‍ ഇന്ത്യയ്ക്കകത്ത് ഐപിഎല്‍ നടക്കാനുള്ള സാധ്യത വിരളമാണ്. അതുകൊണ്ടുതന്നെ ഐപിഎല്‍ 13 ആം പതിപ്പിന് യുഎഇ വേദിയാകുമെന്ന അഭ്യൂഹങ്ങളും നിലവില്‍ ശക്തമാണ്.