കൊലക്കേസ് പ്രതിയെ പിടികൂടാന്‍ ഓടിയത് 12 കിലോമീറ്റര്‍; താരമായി ‘തുംഗ’ എന്ന 10 വയസ്സുകാരി പോലീസ് നായ

single-img
20 July 2020

കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടാന്‍ 12 കിലോമീറ്റര്‍ ഓടിയ ഡോഗ് സ്‌ക്വാഡിലെ തുംഗ എന്ന 10 വയസ്സുകാരി പോലീസ് നായ താരമായി മാറി. ഈമാസം 10നാണ് കർണാടകയിലെ സെ ദേവനഗരെ ജില്ലയില്‍ സംഭവം നടക്കുന്നത് . ആ ദിവസമാണ് വെടിയേറ്റ് മരിച്ച നിലയില്‍ ചന്ദ്രനായക് എന്നയാളെ കണ്ടെത്തുന്നത്. ഇയാൾ കൊലചെയ്യപ്പെട്ട കേസിൽ ചേതന്‍ എന്നയാളെയാണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തത്.

ചന്ദ്രനായക് കൊലചെയ്യപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് പോലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇതിനെത്തുടർന്ന് പ്രതിയായ ചേതനെ പിടികൂടാന്‍ പോലീസ് ഡോഗ് സ്‌ക്വാഡിലെ തുംഗ എന്ന ഡോബര്‍മാന്റെ സഹായം തേടുകയായിരുന്നു. ഇതിന് മുൻപ് 50ഓളം കൊലപാതക കേസിലും 60ഓളം മോഷണക്കേസിലും പ്രതികളെ പിടികൂടാന്‍ സഹായിച്ച തുംഗ ഡിപ്പാര്‍ട്ട്‌മെന്റില്‍ നേരത്തെ തന്നെ പ്രശസ്തയാണ്. പ്രതിയുമായി ബന്ധപ്പെട്ട സൂചന ലഭിച്ചതിനെ തുടര്‍ന്ന് 12 കിലോമീറ്റര്‍ ഓടിയ തുംഗ കാശിപൂരിലെ പ്രതിയുടെ വീടിന്റെ മുന്നിലെത്തിയാണ് ഓട്ടം അവസാനിപ്പിക്കുന്നത്.

ഇതിനെ തുടര്‍ന്ന് പോലീസ് വീട്ടിലുള്ളവരെ ചോദ്യം ചെയ്തു. ആസമയം സംശയകരമായി പെരുമാറിയ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്. കോല ചെയ്യപ്പെട്ട വ്യക്തിയിൽ നിന്നും ഒരുലക്ഷം രൂപ കടം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. അതേസമയം, താൻ പോലീസ് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു വെടിവെച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.