സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ സ്വകാര്യമേഖലയെക്കൂടി ഉള്‍പ്പെടുത്തണം: ഉമ്മന്‍ ചാണ്ടി

single-img
20 July 2020

സംസ്ഥാനത്ത് കൊവിഡ് 19 സമൂഹവ്യാപനം ഉണ്ടാകുകയും 50ലധികം ആരോഗ്യപ്രവര്‍ത്തകര്‍ രോ​ഗബാധിതരാകുകയും ചെയ്ത പശ്ചാത്തലത്തില്‍ സ്വകാര്യമേഖലയെക്കൂടി കൊവിഡ് പ്രതിരോധത്തിനായി അടിയന്തരമായി രംഗത്തിറക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ 60 ശതമാനം പങ്കുവഹിക്കുന്നത് സ്വകാര്യമേഖലയാണ് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

അതുകൊണ്ടുതന്നെ അവരെക്കൂടി കൊവിഡ് പ്രതിരോധത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അതു സര്‍ക്കാര്‍ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും. സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികൾക്ക് മേലുള്ള അമിത സമ്മര്‍ദ്ദം കുറയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്ക് കൊവിഡ് ചികിത്സയ്ക്ക് അനുമതി നല്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച വ്യക്തമായ മാര്‍ഗനിർദ്ദേശം വേണമെന്നതാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.

കഴിഞ്ഞ ആറുമാസത്തിലേറയായി കൊവിഡിനോട് പോരാടുന്നത് സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരാണ്. ഇതിന്റെ ഫലമായി തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകരാണ് രോഗബാധിതരായത്. മിക്കവാറും എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലുമൊക്കെ സമാനമായ സ്ഥിതിവിശേഷമുണ്ട് എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.സംസ്ഥാനത്തെ ലോക്ഡൗണ്‍ കാലത്ത് ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം.

പക്ഷെ ഇപ്പോഴുള്ള സാഹചര്യത്തില്‍ നിലവിലുള്ള കിടക്കകളുടെ എണ്ണം വൈകാതെ തികയാതെ വരും. നിലവില്‍ പലയിടത്തും രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനു കാലതാമസം ഉണ്ട്. അതുപോലെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിപിഐ കിറ്റ്, എന്‍1 മാസ്‌ക് തുടങ്ങിയവ ലഭ്യമല്ലെന്നും പരാതി ഉണ്ട്. ആരോഗ്യപ്രവര്‍ത്തകരെ എങ്ങിനെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സര്‍ക്കാരിന്റെ സാലറി ചലഞ്ചില്‍ നിന്ന് അവരെ ഒഴിവാക്കുക, അവര്‍ക്ക് റിസ്‌ക് അലവന്‍സ് നല്കുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം എന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.