അറിയുമോ തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെയുണ്ടായിരുന്ന ഈ ജലപാതയെക്കുറിച്ച്

കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും ജന ശതാബ്ദി എക്സ്പ്രസിൽ മൂന്നര മണിക്കൂർ യാത്രചെയ്താൽ എറണാകുളം സൗത്തിലെത്താം. കേരളത്തിൻ്റെ തലസ്ഥാനവും വ്യവസായിക തലസ്ഥാനവും തമ്മിലുള്ള ദൂരം ഇന്ന് അത്രമാത്രമാണ്. എന്നാൽ തിരുവിതാംകൂർ രാജ്യ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും കൊച്ചി രാജ്യ തലസ്ഥാനത്തേക്ക് യാത്ര ചെയ്യുവാനുള്ള ദൂരം മൂന്നും നാലും ദിനങ്ങളായിരുന്നു. അമ്പരക്കേണ്ട. നൂറ്റാണ്ടുകളോളം പഴക്കമുള്ള കാര്യങ്ങളാണത്. ചേർത്തലയ്ക്ക് ഇപ്പുറമുള്ളവർ തിരുവിതാംകൂറിലെ പ്രജകളെന്നും അപ്പുറുള്ളവർ കൊച്ചിയിലെ പ്രജകളെന്നും അറിയപ്പെട്ടിരുന്ന കാലത്തെ കാര്യങ്ങൾ. 

https://youtu.be/XE_sLSFD6n0

കുതിരകളെയും കാളകളേയും കെട്ടിയ വില്ലുവണ്ടികള്‍ ചെമ്മണ്ണ് റോഡിലൂടെ ലക്ഷ്യ സ്ഥാനത്തിലേക്ക് സഞ്ചരിച്ചിരുന്ന ഒരു കാലം. ചരക്കു നീക്കത്തിനും ദൂരയാത്രയ്ക്കും ചരക്കുവള്ളങ്ങളും കെട്ടുവള്ളങ്ങളും പുഴയിലൂടെയും കായലിലൂടെയും സഞ്ചരിച്ചിരുന്ന ഒരു കാലം. ചുരുക്കത്തില്‍ മോട്ടോര്‍ വാഹനങ്ങളെ, എന്തിന് സൈക്കിളിനെപ്പറ്റി പോലും ചിന്തിക്കാതിരുന്ന ഒരു കാലം. ഇപ്പുറത്തുള്ളവർ അപ്പുറത്തേക്കു പോകാനും അപ്പുറമുള്ളവർക്ക് ഇപ്പുറമെത്താനും അതിർത്തിയിൽ കപ്പം കൊടുക്കേണ്ടിയിരുന്ന ആ കാലത്ത് സ്ഥലങ്ങൾ തമ്മിലുള്ള ദൂരം വളരെ വലുതായിരുന്നു. 

ഇനി പറയുവാൻ പോകുന്നത് മൻമറഞ്ഞുപോയ ഒരു ചരിത്ര കഥയാണ്. അനന്തപുരിയെന്ന തിരുവനന്തപുരം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ രാജകീയ പ്രൗഡിയോടെ വര്‍ത്തിച്ചിരുന്ന മലയാള നാടിൻ്റെ സ്വന്തം ജലപാതയുടെ കഥ. എഞ്ചിനീയറിംഗ് വിസ്മയമെന്ന് പാശ്ചാത്യര്‍ പാടിപ്പുകഴ്ത്തിയ, മനുഷ്യ നിര്‍മ്മിതിയില്‍ ഉദയം ചെയ്ത വർക്കല തുരപ്പിൻ്റെറയും പാര്‍വ്വതി പുത്തനാറിൻ്റെയും കഥ. അതിനും മുകളിൽ തിരുവനന്തപുരം ഷൊർണൂർ കനാൽ എന്ന പേരിൽ അറിയപ്പെടുന്ന ടിഎസ് കനാലിൻ്റെ കഥ. 

https://youtu.be/XE_sLSFD6n0

എന്താണ് ടിഎസ് കനാൽ? എന്താണ് പാർവ്വതി പുത്തനാർ? ആദ്യം ഇവയെക്കുറിച്ചറിയണം. തിരുവിതാംകൂറിൻ്റെ തലസ്ഥാനമായ തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെയുള്ള ജലപാതയ്ക്കാണ് ടിഎസ് കനാൽ എന്നു പറയുന്നത്. ഇതിലെ വെസ്റ്റ്‌കോസ്റ്റ് കനാൽ അഥവാ കൊല്ലം – കോട്ടപ്പുറം ജലപാത  മാത്രമേ നിലവിൽ ഉപയോഗത്തിലുള്ളു. അന്നത്തെ ഈ ടിഎസ് കനാലിൻ്റെ ഒരു ഭഗമാണ് പാർവ്വതി പുത്തനാർ. മനുഷ്യശക്തികൊണ്ട് വർക്കല കുന്നിന് ഇപ്പുറമുള്ള പ്രധാന കായലുകളെയെല്ലാം ചേര്‍ത്തിണക്കിക്കൊണ്ട് ഗതാഗതാവശ്യത്തിനായി നിര്‍മ്മിച്ച കനാലായിരുന്നു പാര്‍വ്വതി പുത്തനാര്‍. പാർവ്വതി പുത്തനാറും കൂടി ചേരുമ്പോഴായിരുന്നു ടിഎസ് കനാൽ പൂർണ്ണമാകുന്നത്. എന്തുകൊണ്ടെന്നാൽ ടിഎസ് കനാലിൻ്റെ തിരുവനന്തപുരം മുതൽ വർക്കല വരെയുള്ള കായലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാലായിരുന്നു പാർവ്വതി പുത്തനാർ. 

പാർവ്വതി പുത്തനാർ, ടിഎസ് കനാൽ എന്നിവയൊക്ക ഇന്ന് ചുരുക്കം ചില സമയങ്ങളില്‍ മാത്രം കാതില്‍ വീഴുന്ന ഒരു പേരായി മാറിക്കഴിഞ്ഞിരിക്കുന്നു. പാർവ്വതി പുത്തനാറിനെ സംബന്ധിച്ച് കേൾക്കുന്നവയിൽ ഏറെയും അപകട വാർത്തകളുമാണ്. ഇന്ന് തിരുവനന്തപുരത്ത് വള്ളക്കടവ് എന്ന സ്ഥലത്ത് തകര്‍ന്നു കാടുപിടിച്ചു കിടക്കുന്ന ബോട്ട് ജെട്ടിയും വര്‍ക്കല കുന്നിൻ്റെ ഹൃദയം കുത്തിതുരന്നുള്ള തുരങ്കവും മാത്രമാണ് പാര്‍വ്വതി പുത്തനാറിനെ ചരിത്രത്തിൻ്റെ ഭാഗമായി അടയാളപ്പെടുത്തുന്ന വസ്തുതകള്‍.

ഗര്‍ഭശ്രീമാനെന്ന് ലോകമറിഞ്ഞ തിരുവിതാംകൂര്‍ രാജ്യത്തെ ചക്രവര്‍ത്തി സ്വാതി തിരുനാളിനു മുമ്പ് റീജൻ്റായി ഭരണം നടത്തിയ ഗൗരി പാര്‍വ്വതി ഭായിയുടെ മനസ്സിലാണ് കായലുകളെ തമ്മിൽ ജോജിപ്പിച്ച് ജലപാതയുണ്ടാക്കുക എന്ന ആശയം ആദ്യം രൂപമെടുത്തത്. അന്ന് കൊല്ലത്തും ആലപ്പുഴയിലും കൊച്ചിയിലുമൊക്കെ കരമാര്‍ഗ്ഗം ചരക്കെടുക്കാന്‍ പോയിവരുന്ന കച്ചവടക്കാരുടെ പ്രയാസങ്ങളാണ് റാണിയെ ഇത്തരമൊരു കനാലിൻ്റെ നിര്‍മ്മിതിക്ക് പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാൽ അതല്ല തിരുവിതാംകൂര്‍ ഭരണകര്‍ത്താക്കളുടെ കുലക്ഷേത്രമായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപമെന്ന ചടങ്ങിന് പുഷ്പങ്ങളും മറ്റും കൊണ്ടു വരുന്നതിനായിരുന്നു ഇത്തരമൊരു കനാൽ നിർമ്മിച്ചതെന്നും പറയപ്പെടുന്നുണ്ട്.

യഥാർത്ഥ്യം എന്തുതന്നെയായാലും 1821-ല്‍ തിരുവിതാംകൂറിൻ്റെ തലസ്ഥാനമായ അനന്തപുരിയോട് അടുത്തുകിടക്കുന്ന പ്രധാന കായലുകളായ വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ഈ ജലപാതയുടെ നിര്‍മ്മിതിയാരംഭിച്ചത്. ഇന്നത്തെ പടിഞ്ഞാറേക്കോട്ടയ്ക്ക് അടുത്തു കിടക്കുന്ന പ്രദേശമാണ് വള്ളക്കടവ്. അക്കാലത്ത് ഈ പ്രദേശത്തെ പറഞ്ഞിരുന്നത് കല്പാക്കടവ് എന്നായിരുന്നു. ഈ കല്പാക്കടവിൽ നിന്നുമായിരുന്നു പാര്‍വ്വതിപുത്തനാറിൻ്റെ ആരംഭം. വളരെ വീതിയില്‍ കെട്ടുവള്ളങ്ങള്‍ക്കും ചരക്കു വള്ളങ്ങള്‍ക്കുമൊക്കെ സഞ്ചരിക്കുന്നതിനായി സൗകര്യമൊരുക്കിക്കൊണ്ടായിരുന്നു കനാലിൻ്റെ നിര്‍മ്മാണം. കല്പാക്കടവ് കഴിഞ്ഞു മുന്നോട്ട് വരുമ്പോള്‍ ചാക്കയില്‍ ഇന്നത്തെ പാലത്തിനു സമീപമായി കെട്ടുവള്ളങ്ങള്‍ക്കുള്ള വിശ്രമസ്ഥലമുള്‍പ്പെടെ ഒരു ജെട്ടിയും അന്നുണ്ടായിരുന്നു. 

കനാല്‍ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ അതിന് മഹാറാണിയോടുള്ള ബഹുമാന സൂചകമായി പാര്‍വ്വതിപുത്തനാറെന്ന് പേരിടുകയായിരുന്നു.വേളിക്കായലും കഠിനംകുളം കായലും തമ്മില്‍ കനാല്‍വഴി ബന്ധിപ്പിച്ചതോടെ അനന്തപുരിയിലെ ജനങ്ങളുടെ ദീര്‍ഘയാത്രകളും ചരക്കുനീക്കങ്ങളും കല്പാക്കടവ് മുതല്‍ വര്‍ക്കലവരെ സുഗമമായി നടന്നു. പക്ഷേ വര്‍ക്കലയ്ക്ക് അപ്പുറമുള്ള ഒരു ജലപാതയെപ്പറ്റി അന്ന് ചന്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ല എന്നുള്ളതായിരുന്നു സത്യം. പാതയ്ക്ക് തടസ്സമായി നിന്നിരുന്നത് പ്രസിദ്ധമായ വര്‍ക്കല കുന്നായിരുന്നു. കല്പാക്കടവില്‍ നിന്നും വര്‍ക്കല വരെ എത്തുന്ന ചരക്കുകളും മറ്റും ചുമന്ന് കുന്നുകയറ്റി അപ്പുറത്തെത്തിക്കുകയായിരുന്നു അന്നു ചെയ്തിരുന്നത്. പരിമിതമായ എഞ്ചിനീയറിംഗ് സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന അക്കാലത്ത് പാര്‍വ്വതി പുത്തനാര്‍ വര്‍ക്കല കുന്ന് കൊണ്ട് അവസാനിക്കുകയായിരുന്നു എന്നു വ്യക്തം. 

1829-ല്‍ സ്വാതി തിരുനാള്‍ തിരുവിതാംകൂറിൻ്റെ അധികാരമേറ്റെടുത്ത് ഒഴിയുന്നതുവരെ ഈ ജലപാതയ്ക്ക് പുരോഗമനപരമായ യാതൊരു മാറ്റവും സംഭവിച്ചില്ല. അതിനുശേഷമെത്തിയ മഹാരാജാവായ സ്വാതി തിരുനാളിൻ്റെ അനുജന്‍ കൂടിയായ ഉത്രാടം തിരുനാള്‍ പാർവ്വതി പുത്തനാറിനെ തൊട്ടില്ല. പകരം കല്പാക്കടവ് മുതല്‍ കന്യാകുമാരി വരെ നീളുന്ന മറ്റൊരു പാതയ്ക്കാണ് തുടക്കം കുറിച്ചത്. അനന്ത വിക്‌ടോറിയം മാര്‍ത്താണ്ഡം കനാല്‍ എന്ന എ.വി.എം കനാല്‍. പക്ഷേ ഈ സംരംഭം  പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. 

പാര്‍വ്വതി പുത്തനാറില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ പിന്നേയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആയില്യം തിരുനാള്‍ മഹാരാജാവ് ഭരണത്തിലേറുകയും അദ്ദേഹം നടപ്പിലാക്കിയ ജനോപകാരപ്രദമായ പദ്ധതികളുടെ കൂട്ടത്തില്‍ പാര്‍വ്വതിപുത്തനാറിൻ്റെ വികസനവും ഉയര്‍ന്നു വരികയുമായിരുന്നു. അതിന്‍ പ്രകാരം മഹാരാജാവിൻ്റെ ദിവാനായിരുന്ന സര്‍ മാധവറാവു പൊതു മരാമത്ത് വകുപ്പ് പുനഃസംഘടിപ്പിക്കുകയും ബ്രട്ടീഷുകാരനായ പ്രശസ്ത എഞ്ചിനീയര്‍ വില്യം ബാര്‍ട്ടനെ ഇതിൻ്റെ ചീഫ് എഞ്ചിനീയറായി  നിയമിക്കകയും ചെയ്തു. പാർവ്വതി പുത്തനാറിൻ്റെ രണ്ടാം ജീവിതം അവിടെ തുടങ്ങുന്നു. 

വില്യം ബാര്‍ട്ടൻ്റെ നേതൃത്വത്തിലാണ് എഞ്ചിനീയറിംഗ് വിസ്മയമായി ഇന്നും വാഴ്ത്തപ്പെടുന്ന വര്‍ക്കല തുരപ്പ് സൃഷ്ടിക്കപ്പെട്ടത്. അതോടെ പാര്‍വ്വതി പുത്തനാര്‍ വര്‍ക്കല കുന്നിന് അപ്പുറം കടന്നു. ഈ തുരപ്പിൻ്റ നിർമ്മിതിയോടെ മറ്റൊരു കാര്യം കൂടി സംഭവിച്ചു. തിരുവനന്തപുരം- ഷൊര്‍ണൂര്‍ കനാൽ എന്ന ടി.എസ്. കനാലിൻ്റെ പൂര്‍ത്തീകരണവും യാഥാര്‍ത്ഥ്യമായി.

1877 ല്‍ വര്‍ക്കല തുരപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ തിരുവിതാംകൂറിൻ്റെ ചരിത്രമായിരുന്നു മാറിമറിഞ്ഞത്. തിരുവനന്തപുരത്തുനിന്നും നേരിട്ട് പാര്‍വ്വതി പുത്തനാറുവഴി ടി.എസ്. കനാലിലൂടെ ഷൊര്‍ണൂര്‍വരെ പോകാമെന്ന സൗകര്യം നിലവില്‍ വന്നതോടെ ആലപ്പുഴയും കൊല്ലവും കൊച്ചിയുമൊക്കെ ചരക്കുനീക്കങ്ങളാല്‍ തിരക്കുള്ള ഇടങ്ങളായി മാറി. തിരുവിതാംകൂറിൻ്റെ ഭരണ ചരിത്രത്തിലെ നാഴികക്കല്ലായി ഈ സംഭവം വിലയിരുത്തപ്പെട്ട ഈ സംഭവത്തോടെ വര്‍ഷങ്ങളോളം ജലവാഹനങ്ങളെയും വഹിച്ചുകൊണ്ട് പാര്‍വ്വതി പുത്തനാര്‍ ആഢ്യത്വത്തോടെ ഒഴുകി. ഇന്നത്തെ വള്ളക്കടവ് മുതല്‍ മുതല്‍ വര്‍ക്കല വരെയുള്ള കനാലിൻ്റെ തീരങ്ങളില്‍ അവിടവിടെ ബോട്ടുജട്ടികളും നിലവില്‍ വന്നു. അതിനനുസരിച്ച് വന്‍കിട- ചെറുകിട കച്ചവടങ്ങളും ഈ തീരങ്ങളില്‍ ഉയര്‍ന്നുവന്നു.

പക്ഷേ കാലം ഏതൊരു മുന്നേറ്റത്തിനും അവസാനമിടുമെന്ന ചൊല്ല് ഇവിടെയും യാഥാര്‍ത്ഥ്യമായി. മോട്ടോര്‍ വാഹനങ്ങളുടെ കടന്നുവരവ് പാര്‍വ്വതി പുത്തനാറിനെ ജനങ്ങളുമായുള്ള അകലം വർദ്ധിപ്പിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദൂരയുള്ള സ്ഥലങ്ങളെ ബന്ധപ്പെടുത്തി തിരുവിതാംകൂറിൻ്റെ ബസ് സര്‍വ്വീസ് നിലവില്‍ വന്നതോടെ പാര്‍വ്വതി പുത്തനാറിനെയും ടി.എസ് കനാലിനെയും ജനം പാടെ മറന്നു. ഒടുവില്‍ എല്ലാ ചരിത്രങ്ങളുടെയും വിധി പോലെ ഒരു കീറിയ ഏട് മാത്രമായി പാര്‍വ്വതിപുത്തനാറും വര്‍ക്കല തുരപ്പും മാറി.

ഇന്ന് ടൂറിസം ലക്ഷ്യം വച്ച് കനാലിൻ്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലവത്താകുമെന്ന് പറയാന്‍ വയ്യ. മണ്ണു മൂടിക്കിടന്ന വര്‍ക്കല തുരപ്പ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഏകദേശം നവീകരിക്കപ്പെട്ടെങ്കിലും ഇന്നു കാടുകയറിക്കഴിഞ്ഞു. ഇന്ന് കല്പാക്കടവിലും ചാക്കയിലുമൊക്കെ മാലിന്യമടിഞ്ഞ് കരയേത് കനാലേത് എന്ന് അറിയാത്ത സ്ഥിതിയിലേക്ക് പാര്‍വ്വതിപുത്തനാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

https://youtu.be/XE_sLSFD6n0