കൊച്ചിയിലെ ജൈൻ സർവ്വകലാശാല ക്യാമ്പസ് തുടങ്ങിയത് അംഗീകാരമില്ലാതെ; നടപടിയാവശ്യപ്പെട്ട് യുജിസിയ്ക്ക് സംസ്ഥാന സർക്കാരിന്റെ കത്ത്

single-img
20 July 2020

ബംഗളൂരു ആസ്ഥാനമായ ജൈൻ യൂണിവേഴ്‌സിറ്റിയുടെ കൊച്ചിയിലെ ഓഫ് കാമ്പസ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ വെണമെന്നും ആവശ്യപ്പെട്ട് യുജിസിയ്ക്ക് സംസ്ഥാന സർക്കാരിന്റെ കത്ത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ് ആണ് യുജിസി ചെയര്‍മാന്‍ പ്രൊഫസര്‍ ഡി.പി സിങിന് കത്തയച്ചത്. കൊച്ചിയില്‍ കാമ്പസ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്നും കത്തില്‍ പറയുന്നു.

ഈ സ്ഥാപനത്തെക്കുറിച്ച് രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെടി ജലീലിന്റെ ഓഫീസിലേക്ക് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് യുജിസി ചെയര്‍മാൻ നടപടി ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ വന്‍തോതില്‍ പരസ്യങ്ങൾ നൽകിക്കൊണ്ട് ജൈൻ ‘ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി’ ഓഫ് കാമ്പസ് എന്ന പേരില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നറ്ലതായി സംസ്ഥാന സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന് നടപടി ആവശ്യപ്പെട്ടയച്ച കത്തില്‍ ഉഷാ ടൈറ്റസ് വ്യക്തമാക്കുന്നു.

ജൈൻ യൂണിവേഴ്‌സിറ്റി കൊച്ചി ഓഫ് കാമ്പസിലെ ബിരുദം സാധുവല്ലെന്ന് കാട്ടി 2019 നവംബറില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ബംഗളൂരു ജൈൻ ഡീംഡ്-ടു-ബി- യൂണിവേഴ്സിറ്റിക്ക് കൊച്ചിയില്‍ ഓഫ് കാമ്പസ് തുടങ്ങാന്‍ യു.ജി.സി അനുമതി നല്‍കിയിട്ടില്ലെന്നും ഇവിടെ നടത്തുന്ന കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നവംബര്‍ 23ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നത്.

സർവ്വകലാശാലയ്ക്ക് കൊച്ചിയില്‍ ഓഫ് കാമ്പസിന് അനുമതി നല്‍കിയിട്ടില്ലെന്നും അവിടെ നടത്തുന്ന കോഴ്സുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും യു.ജി.സി അറിയിച്ചിട്ടുണ്ടെന്നും നേരത്തെയുള്ള വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ജൈൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് കാമ്പസിന് നിയമസാധുതയുമില്ലാത്തതിനാല്‍ കൊച്ചി കാമ്പസില്‍ പഠിച്ചവര്‍ക്ക് നല്‍കുന്ന ബിരുദവും സാധുവല്ലെന്നായിരുന്നു നവംബറില്‍ പുറത്തിറക്കിയ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ത്താക്കുറിപ്പിലെ ഉള്ളടക്കം.