ബിജെപി നേതാക്കള്‍ അതിർത്തി പ്രശ്നത്തിന്റെ പേരിൽപ്പോലും പണം വാങ്ങി രാജ്യത്തെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു: മന്ത്രി എം എം മണി

single-img
20 July 2020

ബിജെപി നേതാക്കന്മാർ അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിനെക്കാൾ വീരന്മാർ തങ്ങളാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നതായി മന്ത്രി എംഎം മണി. കോൺഗ്രസിന്റെ വഴി പിന്തുടർന്ന് ആയുധ ഇടപാടുകളുടെ പേരിലും, കുത്തകകൾക്ക് ഇളവുകൾ എന്ന പേരിൽ കൊടുക്കുകയും, എഴുതിത്തള്ളുകയും ചെയ്യുന്ന പതിനായിരക്കണക്കിന് കോടികളുടെ പേരിലും, അതിർത്തി പ്രശ്നത്തിന്റെ പേരിൽപ്പോലും പണം വാങ്ങി രാജ്യത്തെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ് ബിജെപി നേതാക്കള്‍ എന്ന് അദ്ദേഹം ആരോപിച്ചു.

സർക്കാരിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുമെതിരെ പൊതുവിലും, സിപിഎമ്മിനെതിരെ പ്രത്യേകിച്ചും ദുരാരോപണങ്ങളാണ് കോൺഗ്രസ് – ബിജെപി നേതാക്കൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തന രീതിയും ശൈലിയും അവർ ജനങ്ങളോട് കാണിക്കുന്ന പ്രതിബദ്ധതയും കണ്ടില്ലെന്ന് നടിച്ചാണ് കോൺഗ്രസ് – ബി ജെ പി നേതാക്കന്മാർ ഒരേ മനസ്സോടെ ദുരാരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് എന്ന് മന്ത്രി മണി തന്റെ ഫേസ്ബുക്ക് പേജിൽ എഴുതി.

കേന്ദ്രത്തിൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിക്കാനിടയായ യുപിഎ സർക്കാരിന്റെ അഴിമതി കൂമ്പാരങ്ങളുടെ കാര്യവും, തുടർന്ന് ചിദംബരത്തെപ്പോലുള്ള കോൺഗ്രസിന്റെ ഉന്നത നേതാക്കൾ ജയിലിലായ കാര്യവും ജനങ്ങളുടെ ഓർമ്മയിൽ ഇപ്പോഴുമുണ്ട് എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.

സർക്കാരിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുമെതിരെ പൊതുവിലും, സി.പി.എമ്മിനെതിരെ പ്രത്യേകിച്ചും ദുരാരോപണങ്ങളാണ് കോൺഗ്രസ് -…

Posted by MM Mani on Monday, July 20, 2020