പൂച്ചകുഞ്ഞിനെ ജീവനോടെ ചുട്ട് കൊന്നു; വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം

single-img
19 July 2020

ഞെട്ടിയോ, നമ്മുടെ രാജ്യത്ത് തന്നെയാണ് സംഭവം. അജ്ഞാതനായ ഒരു വ്യക്തി പൂച്ചകുഞ്ഞിനെ ജീവനോടെ ചുട്ട് കൊന്നു.
ആരെയും ഞെട്ടിക്കുന്ന ഇതിന്റെ വീഡിയോ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ട്വിറ്റർ പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.

കൈവശം ഉണ്ടായിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് അജ്ഞാതനായ ഒരാള്‍ പൂച്ചകുഞ്ഞിനെ തീകൊളുത്തുന്നത് വീഡിയോയില്‍ വ്യക്തമായി കാണാൻ സാധിക്കും. അജ്ഞാതനായ ഈ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികമാണ് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പൂച്ചയുടെ ശരീരത്തിൽ എളുപ്പം തീ പിടിക്കാൻ സഹായിക്കുന്ന എന്തോ ഉപയോഗിച്ചിട്ടുണ്ടെന്നും,അതാണ് തീജ്വാല കുറയാതെ കത്തിപടരാൻ കാരണമായതെന്നും കരുതുന്നതായി എച്ച്.എസ്‌.ഐ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അലോക്പര്‍ണ സെന്‍ഗുപ്ത പറഞ്ഞു. ഇത്തരത്തിൽ ഒരു ക്രൂരകൃത്യം ചെയ്തിട്ട് രക്ഷപ്പെടാൻ കഴിയുന്ന വ്യക്തി ഇതുപോലുള്ള പ്രവർത്തികൾ വീണ്ടും ആവർത്തിക്കും.ഇയാളുടെ കൈയില്‍ നിന്ന് ഇത്തരം അനുഭവങ്ങൾ എത്രയോ മൃഗങ്ങളോ മനുഷ്യരോ നേരിട്ടിട്ടുണ്ടെന്ന് അറിയാൻ സാധിക്കില്ല.

ഇപ്പോൾ തന്നെ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ വീണ്ടും സമാന സംഭവങ്ങൾ ഉണ്ടായേക്കാം. തങ്ങൾ അധികാരികള്‍ക്ക് സംഭവം റിപ്പോർട്ട് ചെയ്തതായും അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അലോക്പര്‍ണ അറിയിച്ചു.