രാജ്യത്ത് കോവിഡ് സമുഹവ്യാപനത്തിലേക്കു കടന്നുകഴിഞ്ഞു: വെളിപ്പെടുത്തലുമായി ഐ എം എ

single-img
19 July 2020

രാജ്യത്ത് കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വെളിപ്പെടുത്തി. ഇനി സ്ഥിതി വളരെ മോശമാകുമെന്നും രോഗവ്യാപനം രൂക്ഷമാകുമെന്നും ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്‌സണ്‍ ഡോ.വി.കെ.മോംഗ പറഞ്ഞു.

ഇന്ത്യയില്‍ ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കിടെയാണ് വിദഗ്ദ്ധരുടെ ഈ വിലയിരുത്തല്‍.

‘ഓരോ ദിവസവും 30,000 ത്തിന് എന്ന രീതിയില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കേസ് വര്‍ധനവുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങളുണ്ടെങ്കിലും മൊത്തത്തില്‍ ഇത് ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഇപ്പോഴത് സമൂഹ വ്യാപനം കാണിക്കുന്നു’ ഡോ.മോംഗ പറഞ്ഞു.

ഇതിനിടെ തിരുവനന്തപുരം ജില്ലയിലെ രണ്ടു പ്രദേശങ്ങളില്‍ കോവിഡിന്റെ സമൂഹ വ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. രാജ്യത്ത് സര്‍ക്കാര്‍ തലത്തില്‍ സമൂഹ വ്യാപനം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. യുഎസിനും ബ്രസീലിനും പിന്നില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ലോകത്തിലെ മൂന്നമാത്തെ രാജ്യമാണ് നിലവില്‍ ഇന്ത്യ. പത്ത് ലക്ഷത്തിന് മുകളില്‍ കോവിഡ് ബാധിതരുണ്ട് ഇപ്പോള്‍ രാജ്യത്ത്.