യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ യുവതിയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്ന് പോലീസ്

single-img
18 July 2020

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ അമേത്തിയില്‍ നിന്നെത്തിയ യുവതിയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് യുപി പോലീസ് . നിലവില്‍ യുവതിയുടെ നില ഗുരുതരമാണ്.

അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ്, എഐഎംഐഎം നേതാക്കളുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ലഖ്‌നൗ എസ്പി സുജീത് പാണ്ഡെ അറിയിച്ചു. കോണ്‍ഗ്രസ് നേതാവായ അനൂപ് പട്ടേല്‍, എഐഎംഐഎം നേതാവ് ഖാദിര്‍ ഖാന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.

യോഗിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ലോക്ഭവന്റെ മൂന്നാം ഗേറ്റിന് മുന്നിലായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. പൊതുവായുള്ള ഒരു അഴുക്കുചാലിനെച്ചൊല്ലി അയല്‍വാസിയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാരോപിച്ചാണ് യുവതിയുടെ ആത്മഹത്യ ശ്രമം.

നിലവില്‍ യുവതി നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതിരുന്ന എസ്‌ഐയടക്കം നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. യുവതി നടത്തിയ ആത്മഹത്യ ശ്രമത്തിന് മുമ്പ് കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയതായി പോലീസ് പറഞ്ഞു. ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്പ് യുവതി കോണ്‍ഗ്രസ് ഓഫീസില്‍ പോയതായും പോലീസ് വ്യക്തമാക്കി.